ചില പ്രഭാത ചിന്തകൾ
ഇന്നലെ
രാത്രി നന്നായി മഴ പെയ്തു.
എല്ലാ
പ്രഭാതങ്ങളിലുമുളള കിളികളുടെ
പതിവു സംഗീതം ഇന്നില്ല.
രാത്രിയിലെ
തണുപ്പിലും മഴയിലും ഉറക്കം
നഷ്ടപ്പെട്ട അവർ മഴ മാറിയ ഈ
പ്രഭാതത്തിൽ എന്തെങ്കിലും
ചില്ലയിൽ ഇരുന്നു ഉറക്കം
തൂങ്ങുകയാവും.
അതൊരു
ശൂന്യത സൃഷ്ടിച്ചു.ആ
ശൂന്യതയിലെ സംഗീതം മനസ്സിലാക്കാൻ
കുറച്ചു സമയമെടുത്തു.
മഴ
വിങ്ങി നിൽക്കുന്ന ആകാശം.
രാത്രിമഴയുടെ
ഓർമ്മപ്പെടുത്തലായി നീർ
തുള്ളികൾ ഇലകളിൽ തങ്ങി
നില്ക്കുന്നു.
ഉറക്കം
നഷ്ടപെട്ട ആലോസരത്തിൽ ഒരു
കുരുവി ശബ്ദമുണ്ടാക്കി..പ്രഭാതം
ഒരു ജനനമാണ് -
ഒരു
പുതിയ ദിവസത്തിന്റെ,
ഒരു
പുതിയ ചിന്തയുടെ...
നമ്മൾ
ജീവിച്ചിരിക്കുന്നുണ്ട്
എന്ന ഓർമ്മപ്പെടുത്തലാണ്
ഒരു പ്രഭാതം. തണുത്തു
ശൂന്യമായ ഈ പ്രഭാതത്തിൽ
നിന്നപ്പോൾ പഴയ ഒരു ഓർമ്മയിലേക്ക്
പോയി.
എണ്ണമില്ലാത്ത വനയാത്രകളുടെ കാലം !
പ്രിയ സുഹൃത്തുക്കളുമൊത്ത് പറമ്പിക്കുളം വന്യജീവി സങ്കേതത്തിലേക്ക് ഒരു യാത്ര പോയിരുന്നു, വർഷങ്ങൾക്കു മുമ്പ്. (പറമ്പിയിലെക്കുള്ള പല യാത്രകളിൽ ഒന്ന്. ആ കാടിനോടുള്ള പ്രണയം മൂത്ത് പല തവണ പോയിട്ടുണ്ട്.)
കാട്ടിലൂടെ
ദീർഘ ദൂരം യാത്ര ചെയ്തു
മുതുവരച്ചാലിലെത്തി.
അവിടെയായിരുന്നു
താമസം.
രാത്രി
ഏറെ വൈകും വരെ സുഹൃത്തുക്കളുമായി
സംസാരിച്ചിരുന്നെങ്കിലും
പുലർച്ചെ തന്നെ എഴുന്നേറ്റു.
രാത്രി
പ്രഭാതത്തിലേക്ക്
ചേക്കേറുന്നതെയുള്ളൂ.
ഏറെ
നേരത്തേക്ക് ഒരു തണുത്ത
നിശബ്ദതയായിരുന്നു.
ഇടക്ക്
ഒരു ചെറു കാറ്റ് വന്നു ചില്ലകളെ
തഴുകിപ്പോയി.
അത്
കോരിയിടുന്ന ചെറു കുളിരിലാണോ
എന്തോ,
ചില
അനക്കങ്ങളും ചെറു ജീവികളുടെ
ശബ്ദങ്ങളും കുറച്ചു നേരത്തേക്കു
കേട്ടു.
ഒടുവിലതാ
പലയിടത്ത് നന്നായി ചെറു
സിംഫണികൾ ഉയരുകയായി.
ഒരു
ദിവസത്തിന്റെ ജനനം പ്രകൃതി
അതിന്റെ എല്ലാ സമ്പുഷ്ടതകളോടും
കൂടെ ആഘോഷിക്കുന്നു !
വിവിധയിനം
പക്ഷികൾ,
അനേകായിരം
ചെറുജീവികൾ,
സിംഹവാലൻ
കുരങ്ങുകൾ,
മലയണ്ണാന്മാർ
ഇവയെല്ലാം ചേർന്നൊരുക്കുന്ന
സംഗീതവിരുന്ന്.
അതിനിടയിൽ
ഒരു വിശിഷ്ട ഗീതം മാത്രം ആ
സംഗീതക്കൂട്ടായ്മയിലേക്ക്
അത്രയൊന്നും ചേരാതെ പലപ്പോഴായി
കേട്ടുകൊണ്ടിരുന്നു.
മറ്റാരുമല്ലായിരുന്നു
അത് -
ചൂളക്കാക്ക
!!
(മലബാർ
വിസിലിങ്ങ് ത്രഷ് )
ഈ
കക്ഷി സൃഷ്ടിക്കുന്ന ഇശലുകൾക്കു
കണക്കില്ല.
ഇടയ്ക്കു
ലളിതമായും,
ശബ്ദം
കുറച്ചും,
ഇടയ്ക്കു
സംഗതികൾ ഇട്ടും,
ഗതി
കൂട്ടിയും കുറച്ചും അത് സാധകം
ചെയ്തുകൊണ്ടേയിരുന്നു.
പൊടുന്നനെ
അത് കേൾക്കാതെയാവും..
നമ്മൾ
കാത്തിരുന്നു വശം കെട്ടുകഴിയുമ്പോൾ,
ഏറെക്കഴിഞ്ഞ്
മറ്റൊരു ദിശയിൽ നിന്നും
അത് പതിയെ പാടിത്തുടങ്ങും.
അതു
കേട്ടാൽ അറിയാം,
കാട്ടുപഴങ്ങൾ
തിന്നുന്ന തിരക്കിലായിരുന്നു
അത്ര നേരം എന്ന്. പെട്ടെന്ന്
ഒരു സിംഹവാലൻ കുരങ്ങ് എന്തോ
മുന്നറിയിപ്പ് പോലെ ഒരു
ശബ്ദമുണ്ടാക്കി.
അതോടെ
സംഗീതം നിലച്ചു.
ഗായകർ
എല്ലാവരും കാതോർത്തു.നിമിഷങ്ങൾക്ക്
ശേഷം സംഗീതകച്ചേരി വീണ്ടും
തുടങ്ങി.കാലപ്രവാഹത്തിന്റെ
ഗന്ധം മുറ്റി നിൽക്കുന്ന ആ
വനസ്ഥലിയിൽ ജീവജാലങ്ങളും
കാറ്റും ചേർന്നൊരുക്കിയ
സിംഫണിയിൽ അലിഞ്ഞു ചേർന്നപ്പോൾ
സമയം പോയതറിഞ്ഞില്ല.
സുഹൃത്ത്
വന്നു തട്ടിവിളിച്ചപ്പോൾ
വെയിലിന്റെ
സ്വർണ്ണക്കമ്പികൽ ഊർന്നിറങ്ങി
തുടങ്ങിയിരുന്നു. പതഞ്ഞു
കുത്തിയൊഴുകുന്ന കാട്ടാറിൽ
ചാഞ്ഞു കിടക്കുന്ന ചില്ലകളിൽ
പിടിച്ചു ചാഞ്ചാടി കുളിച്ചതോടെ
ആ പ്രഭാതം മറക്കാനാവാത്ത ഒരു
അനുഭവം ആയി.ജീവിതത്തെ
അർത്ഥപൂർണ്ണമാക്കിയ എത്രയെത്ര
പ്രഭാതങ്ങൾ!!
ഓർമ്മകൾ
തിരിച്ച് മഴക്കാറു നിറഞ്ഞ
നൈരോബിയിലെ ഈ പ്രഭാതത്തിലേക്ക്
വന്നപ്പോൾ മനസ്സ് നിറയെ
വിഷാദമായിരുന്നു.
തൊട്ടടുത്ത
അപ്പാർട്ട്മെന്റിൽ നിന്നും
ചൂളക്കാക്കയുടെത് പോലെയുള്ള
ഒരു സംഗീതം.
കെനിയയിലെ
ഏതോ വിസിലിങ്ങ് ത്രഷ് ആണെന്ന്
തോന്നുന്നു. പക്ഷെ
അത് കേട്ടപ്പോൾ സന്തോഷം
തോന്നിയില്ല -
കാരണം
അതിനെ കൂട്ടിൽ അടച്ചിരിക്കുകയായിരുന്നു.
ഈ
മങ്ങിയ പ്രഭാതത്തിൽ ആ നരച്ച
ജീവിതാവസ്ഥ വിഷാദം പടർത്തി.
ഒരു
നിസ്സംഗത ആ ഗീതത്തിൽ
പ്രതിദ്ധ്വനിച്ചു.
അതിനു
സ്വാതന്ത്ര്യവും തടവും ഒന്നും
വേർതിരിച്ച് അറിയുന്നുണ്ടാവില്ല.
പക്ഷെ
ഒന്നുറപ്പാണ്..
ഒരു
മരവിപ്പ് തോന്നുന്നുണ്ടാവും
അതിനു..കാട്ടുപഴത്തിന്റെയും,
വിശാലമായ
ആകാശത്തിന്റെയും,
ഓർമ്മകൾ
നല്കുന്ന മരവിപ്പ്..
നമ്മുടെ
ഭാഷയിൽ പറഞ്ഞാൽ ഒരു
മിസ്സിംഗ്! വീണ്ടും
മഴ തുടങ്ങി.
ഉഹുറു
പാര്ക്കിന് ചുറ്റും നൂറു
കണക്കിന് കൂരയില്ലാത്തവർ
കിടന്നുറങ്ങാറുണ്ട്.
ഈ
തണുപ്പിലും മഴയിലും അവർ
ശെരിക്കും കഷ്ടപ്പെടുന്നുണ്ടാവും.
ഭിക്ഷ
കിട്ടിയ കീറ കോട്ടിലൂടെ
അരിച്ചു വരുന്ന തണുപ്പിനെ
അകറ്റാൻ വഴിപ്പോക്കരോട് ഒരു
പുക യാചിക്കുന്നുണ്ടാവും. പ്രഭാതങ്ങൾ
ഒരു വിസ്മയം തന്നെ -
ജീവിതവും
പ്രകൃതിയും പോലെ !!
Comments
Post a Comment