ഒരു ആഫ്രിക്കൻ കല്ല്യാണം

നൈറോബിയിലെ തിരക്കേറിയ നിരത്തിലൂടെ വണ്ടിയോടിച്ചുകൊണ്ടിരുന്നപ്പോൾ വിൻസെന്റ് എന്നോട് പറഞ്ഞു "വരുന്നതിന്റെ പിന്നത്തെ ഞായറാഴ്ച എന്റെ ചേട്ടന്റെ മകളുടെ വിവാഹമാണ്. നിങ്ങൾ കുടുംബ സമേതം വരണം." ഞാൻ സമ്മതം മൂളി. വീട്ടിൽ വന്നു വിഷയം അവതരിപ്പിച്ചതോടെ എല്ലാവരും സന്തോഷത്താൽ തുള്ളിച്ചാടി. ഒരു ആഫ്രിക്കൻ രാജ്യത്തു വന്നതിനു ശേഷമുള്ള ആദ്യത്തെ കല്ല്യാണം ! ഏറെ വ്യത്യസ്തമായ ആഫ്രിക്കൻ ആചാരങ്ങളും, നിറപ്പകിട്ടാർന്ന വസ്ത്ര ധാരണവും വൈവിധ്യമാർന്ന ഭക്ഷണ രീതികളും - എല്ലാം നേരിട്ട് കാണാനുള്ള അവസരമാണ് !
അങ്ങനെ കാത്തിരുന്ന ആ ഞായറാഴ്ച വന്നു. കാലത്തെ തന്നെ എല്ലാവരും കുളിച്ചു റെഡിയായി. ക്ഷണക്കത്തെടുത്തു നോക്കി. ഉച്ചക്ക് ഒരു മണിയാണ് സമയം പറഞ്ഞിരിക്കുന്നത്. നമ്മുടെ നാട്ടിലെ കൃസ്തീയ വിവാഹങ്ങൾ ഓർത്തു. നേരത്തെ തന്നെ എല്ലാവരും എത്താറുണ്ട്, മാത്രമല്ല ചടങ്ങിന് മുമ്പേ തന്നെ ഭക്ഷണം കൊടുത്തു തുടങ്ങാറുമുണ്ട്. ഏതാണ്ട് ഒരു പന്ത്രണ്ടര ആവുമ്പോൾ എത്താവുന്ന രീതിയിൽ പുറപ്പെടാമെന്നു വച്ചു. ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ അമ്മു ചോദിച്ചു "അച്ഛാ, ഇവർ ആടിനെ നിർത്തി പൊരിക്കുവോ ?" ഞാൻ ചിരിച്ചുകൊണ്ട് മനസ്സിലോർത്തു - സാധ്യതയുണ്ട്. കഴിഞ്ഞ മാസം നടന്നൊരു സംഭവമാണ് അങ്ങിനെ തോന്നാൻ കാരണം.
കെനിയയിൽ കുടുംബ സമേതം പോയി ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന ചില പിക്നിക് സ്പോട്ടുകളുണ്ട്. 'കരോഗ' എന്നാണു അവ അറിയപ്പെടുന്നത്. ഒരു കുടുംബം ഒറ്റക്കായിരിക്കില്ല ഇവിടെ മിക്കവാറും വരിക. ഒന്നുകിൽ സൗഹൃദ കുടുംബങ്ങളോ, അല്ലെങ്കിൽ ഒരു കുടുംബത്തിലെ തന്നെ ബന്ധുക്കളടങ്ങുന്ന ഒരു കൂട്ടമോ ആയിരിക്കും. മിക്കവാറും ഒരു ദിവസം മുഴുവൻ അവർ അവിടെ ചിലവഴിക്കും ! പുല്തകിടിയിലും പുഴയോരത്തും കുട്ടികൾ കളിക്കും. തമാശകളും പൊട്ടിച്ചിരികളുമായി ആ ദിവസം ഓർമ്മയിൽ നിറഞ്ഞു നിൽക്കും. ഇതൊരു നല്ല ഏർപ്പാടായി എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങിനെയുള്ള ഒരു ക്യാമ്പ് സൈറ്റിൽ എത്തിയതായിരുന്നു ഞങ്ങൾ. അന്നൊരു ഒഴിവു ദിവസമായിരുന്നതു കൊണ്ട് തിരക്ക് കൂടുതലായിരുന്നു. ഒരു ഉത്സവപ്പറമ്പിലേക്കെന്ന പോലെ ആളുകൾ ഒഴുകി നീങ്ങുന്നു. കുട്ടികളുടെ കയ്യിൽ ബലൂണുകളും കളിപ്പാട്ടങ്ങളും.. വഴിയരുകിൽ ഇരിക്കുന്ന ഐസ്ക്രീം കച്ചവടക്കാരുടെ പ്രലോഭനത്താൽ ചില കുഞ്ഞു കുട്ടികൾ അലറിക്കരയുന്നു. പെട്ടെന്ന് ഒരു കാഴ്ച ശ്രദ്ധയിൽ പെട്ടു ! ഒരു കൂട്ടം ആളുകൾ നടന്നു നീങ്ങുന്നു. കൂട്ടുകുടുംബമാണെന്നു തോന്നുന്നു. ഏറ്റവും പുറകിലായി ഒരാടിനെ കഴുത്തിൽ കയർ കെട്ടി വലിച്ചു കൊണ്ട് ഒരാൺകുട്ടി. അവരുടെ സഹജീവികളോടുള്ള സ്നേഹം കണ്ടു ഞാൻ ആശ്ചര്യപ്പെട്ടു. ചിലർ വീട്ടിലുള്ള പട്ടികളെ ഇത്തരം സ്ഥലങ്ങളിലേക്ക് കൊണ്ട് വരുന്നത് കണ്ടിട്ടുണ്ട്. ഒരാടിനെ കാണുന്നത് ആദ്യമായിട്ടാണ്. പിന്നീട്, ഞങ്ങളുടെ കറക്കത്തിനിടയിൽ ആ കുടുംബം ഇരുന്ന കരോഗക്കരികിലൂടെ കടന്നു പോയി. അപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു ! നേരത്തെ കണ്ട ആ ആട് ഒരു കയറിൽ ലംബമായി കിടക്കുന്നു. അതിന്റെ തൊലി രണ്ടു പേര് ചേർന്ന് ഉത്സാഹപൂർവ്വം ഉരിയുന്നു. ബാക്കിയുള്ളവർ ആർത്തുല്ലസിച്ചു കൊണ്ട് അവരെ പ്രോത്സാഹിപ്പിക്കുന്നു. ഈ കാഴ്ച ഓർമ്മയിൽ വന്നത് കൊണ്ട് ഞാൻ അമ്മുവിനോട് പറഞ്ഞു "ആടല്ല, ചിലപ്പോ പോത്തിനെ തന്നെ നിർത്തി പിരിക്കാൻ സാധ്യതയുണ്ട് !".
വൈകാതെ തന്നെ ഞങ്ങൾ കല്ല്യാണത്തിന് പുറപ്പെട്ടു. ഏതാണ്ടൊരു പന്ത്രണ്ടരയോടെ ഞങ്ങൾ കല്ല്യാണം നടക്കുന്ന പള്ളിയിലെത്തി. പള്ളിയുടെ അകത്തേക്ക് കയറിയപ്പോൾ ഞെട്ടിപ്പോയി. അവിടെ ഒരു മനുഷ്യകുഞ്ഞു പോലുമില്ല. ഒരു കുർബാന കഴിഞ്ഞതിന്റെ തിരുശേഷിപ്പ് പോലെ കസേരകൾ അലങ്കോലമായി കിടക്കുന്നു. നിലം വൃത്തിയാക്കിയിട്ടില്ല. ഹാളിലെ സ്റ്റേജിൽ അവിടെ അങ്ങിനെ ഒരു പരിപാടി നടക്കുന്നതിന്റെ യാതൊരു ലക്ഷണവുമില്ല. അതൊരു ചെറിയ പള്ളിയായിരുന്നു. ഞങ്ങൾ അതിനു ചുറ്റും രണ്ടു വട്ടം ചുറ്റി നടന്നു. നമ്മുടെ നാട്ടിലെ പോലെ ഇത്തരം ചെറിയ പള്ളികളിലൊന്നും സ്ഥിരമായി പുരോഹിതർ ഇല്ല. മറ്റു പല ജോലികളും ചെയ്യുന്നവർ ഞായറാഴ്ചകളിൽ മാത്രം താത്കാലിക പുരോഹിതർ ആയി എത്താറാണ് പതിവ്. ആരെയും കാണാത്തതു കൊണ്ട് ഞങ്ങൾ പള്ളിയുടെ പുറത്തേക്കു ഇറങ്ങി. വഴിയരുകിൽ ഒരമ്മായിയെ കണ്ടു. വിവാഹ ക്ഷണക്കത്തു അവരെ കാണിച്ചു കൊടുത്തു് സ്ഥലം അത് തന്നെയല്ലേ എന്ന് അന്വേഷിച്ചു. സംഗതി ഉറപ്പാണ് ! കല്ല്യാണം നടക്കുന്നത് അവിടെ തന്നെ. സമീപത്തു ഒരു ചെറിയ പുൽത്തകിടി കണ്ടു. അവിടെ ഒരു ചെറിയ മരക്കൂട്ടത്തിന്റെ തണലുമുണ്ട്. ആ പുൽത്തകിടിയിൽ നിന്നും ഇരുന്നും കിടന്നും ഞങ്ങൾ സമയം ചെലവഴിച്ചു. ഇടയ്ക്ക് പള്ളിയിലേക്ക് പ്രതീക്ഷയോടെ നോക്കും. ആരെങ്കിലും എത്തിയോ? എവിടെ? ഏതാണ്ടൊരു രണ്ടു മണിയായിക്കാണുo, ഒരു ചേച്ചി ചൂലും കൊണ്ട് ഹാൾ വൃത്തിയാക്കാൻ വന്നു. ഞങ്ങൾ സന്തോഷത്തോടെ അവരുടെ അടുത്തെത്തി ചോദിച്ചു "കല്ല്യാണം തുടങ്ങാറായോ ?" അവർ മുഖത്ത് പോലും നോക്കാതെ നിസ്സംഗ ഭാവത്തിൽ പറഞ്ഞു "അറിയില്ല". ഒരു പക്ഷെ ആ ചൂലിന്റെ സ്ഥായിയായ താളവും അത് തള്ളി നീക്കുന്ന അഴുക്കിന്റെ മടുപ്പിക്കുന്ന സ്ഥായി ഭാവവും സൃഷ്‌ടിച്ച ഒരു നിസ്സംഗതയായിരിക്കും അത്.
ഞങ്ങൾ വീണ്ടും കാത്തിരിപ്പ് തുടർന്നു. കുറെ സമയം കഴിഞ്ഞപ്പോൾ പരമ്പരാഗത രീതിയിൽ വസ്ത്രം ധരിച്ച ഒരു പുരുഷനും രണ്ടു സ്ത്രീകളും വന്നു ചേർന്നു. അവരുടെ കയ്യിൽ ബൈബിളുണ്ടായിരുന്നു. വിവാഹത്തിന് നേതൃത്വം വഹിക്കുന്നവരാണെന്നു തോന്നി. അങ്ങോട്ട് ചെന്ന് പാതിരിയെ പരിചയപെട്ടു. കണ്ടപാടെ അയാൾ കെട്ടിപിടിച്ചു. ഒരു ഇന്ത്യക്കാരനും കുടുംബവും അങ്ങിനെ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിൽ അയാൾക്ക് അതിയായ സന്തോഷം. ഏതാണ്ട് മൂന്നര ആയതോടെ വിവാഹം ചൂട് പിടിക്കാൻ തുടങ്ങി. ആളുകൾ പല നിറങ്ങളിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു വന്നു തുടങ്ങി. അമ്മു വിശക്കുന്നുവെന്നു പറയാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. അവൾക്കു ബാഗിൽ കരുതിയിരുന്ന ബിസ്ക്കറ്റ് എടുത്തു കൊടുത്തു. അല്പം കഴിഞ്ഞപ്പോൾ ഒരു ചെറിയ പിയാനോ ഏറ്റിക്കൊണ്ടു ഒരു ചെറുപ്പക്കാരൻ വന്നു, കൂടെ ഒരു ഗിറ്റാറിസ്റ്റും. പിയാനിസ്റ് ആരെയും കൂസാതെ, ഒറ്റപ്പെട്ടു ആളൊഴിഞ്ഞ ഭൂമിയിൽ നിറഞ്ഞ നിലാവിന് താഴെ നടക്കുന്ന സെന്റ് ഫ്രാൻസിസിനെ പോലെയാണ് നടക്കുന്നത്. അയാൾ സ്റ്റേജിന്റെ ഒരു മൂലയിൽ പിയാനോ ഉറപ്പിച് ധ്യാന നിരതനെപോലെയിരുന്ന് ഒരു "ടളും" ശബ്ദമുണ്ടാക്കി. ഗിറ്റാറിസ്റ് അതേറ്റു പിടിച്ചു. തുടർന്നു ഒന്ന് രണ്ടു സിംഫണികൾ അവർ വായിച്ചു. കൊള്ളാം.. വയറിൽ മുട്ടയിട്ടു വിരിഞ്ഞ വിശപ്പിന്റെ പക്ഷികൾ തത്കാലത്തേക്ക് പറന്നു പോയി.

ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നു. പതിയെ കല്ല്യാണ വണ്ടികൾ വന്നു തുടങ്ങി. വരനും സംഘവും എത്തി. വരനെ പോലെ തന്നെ കല്യാണ വസ്ത്രം ധരിച്ച വേറെയും കുറച്ചു ചെറുപ്പക്കാർ ! അൽപ സമയം കഴിഞ്ഞപ്പോൾ വധുവിന്റെ സംഘവും എത്തി. അവിടെയും വധുവിനെ പോലെ വസ്ത്രം ധരിച്ച ഒരു സംഘം യുവതികൾ. യുവാക്കളുടെ സംഘം ചെന്ന് വധുവിനെയും സംഘത്തെയും വരവേറ്റു. അതിനു ശേഷം യുവതികളും യുവാക്കളും ഒരു നിശ്ചിത അകാലത്തിൽ നേർക്കുനേർ നിന്നു. പിന്നീട് കണ്ടത് ആ ചടങ്ങിലെ മനോഹരമായ ദൃശ്യമായിരുന്നു! ഒരു ഭാഗത്തു നിന്ന് ഒരു യുവാവ് സംഗീതത്തിനനുസരിച്ചു നൃത്തം ചെയ്തു വരും, മറുഭാഗത്തു നിന്ന് ഒരു യുവതിയും. രണ്ടു പേരും നേർക്കുനേർ എത്തിയതിനു ശേഷം ഒരുമിച്ചു കുറച്ചു നേരം നൃത്തം ചെയ്തു. പിന്നീട് കൈകൾ കോർത്ത് പിടിച്ചു ഒരു വശത്തേക്ക് പോയി. ഇങ്ങനെ ഓരോ ജോഡിയും നൃത്തം ചെയ്തു പോയി. അവസാനം വധൂ വരന്മാർ. വളരെ നല്ല ആചാരം !!! ഈ നടപടി കഴിഞ്ഞപ്പോളേക്കും നമ്മുടെ സംഗീതജ്ഞന്മാർ രണ്ടു കട്ടക്ക് കേറ്റിപിടിച്ചു. അവരുടെ കൂടെ ഒരു ഡ്രമ്മറും ചേർന്നിരുന്നു. അതോടെ സദസ്സിലുള്ളവരെല്ലാം നൃത്തം ചെയ്യാൻ തുടങ്ങി. അടുത്ത് നിന്ന ഒരമ്മായി അമ്മുവിൻറെ കൈപിടിച്ച് കളിക്കാൻ തുടങ്ങി. നീതു എന്റെ മുഖത്തേക്ക് ദയനീയമായി ഒന്ന് നോക്കി. സമയം അഞ്ചായി. പറന്നു പോയ വിശപ്പിന്റെ കിളികൾ തിരിച്ചു വന്നിരിക്കുന്നു ! ഗത്യന്തരമില്ലാതെ ഞങ്ങളും ആ സംഘനൃത്തത്തിൽ കൂടി. ചടങ്ങുകൾ നീണ്ടുപോയി. അവിടത്തെ ഒരു പ്രത്യേകഅതിഥിയെന്ന നിലയിൽ പാതിരി ഞങ്ങളെ കുറിച്ച് ഒരു പരാമർശം നടത്തിയിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങൾ അവരുടെ ഒരു ശ്രദ്ധാകേന്ദ്രമായി മാറി. ഏതാണ്ട് ഒരാറുമണിയായപ്പോൾ വിശപ്പ് വേലി തകർത്തു പുറത്തേക്കു വന്നു. ഞാൻ അടുത്ത് നിന്ന ചേട്ടനോട് ചോദിച്ചു "അല്ല കല്ല്യാണത്തിന് ഭക്ഷണമൊന്നുമില്ലേ?" അയാൾ പറഞ്ഞു "പിന്നെ, ഏതാണ്ടൊരു മണിക്കൂർ കഴിഞ്ഞാൽ വിഭവ സമൃദ്ധമായ സദ്യയുണ്ടു" ഞാൻ ചോദിച്ചു "ഇവിടെ അതിന്റെ ലക്ഷണങ്ങൾ ഒന്നും കാണാനില്ലല്ലോ " അയാൾ നിസ്സാര ഭാവത്തിൽ പറഞ്ഞു "ഇവിടെയല്ല. ഇവിടുന്നു പത്തു കിലോമീറ്റർ മാറി ഒരു സ്ഥലത്താണ് ഭക്ഷണം ഒരുക്കിയിരിക്കുന്നത്. ചടങ്ങുകൾ കഴിഞ്ഞാൽ എല്ലാവരും അങ്ങോട്ട് പോകും" അപ്പോൾ കാര്യങ്ങൾ ഏതാണ്ടൊരു തീരുമാനമായി! സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു. രാവിലെ കുറച്ചു ഉപ്പുമാവ് മാത്രം കഴിച്ചു ഇറങ്ങിയ എല്ലാവരുടെയും മുഖത്ത് വിശപ്പിന്റെ തളർച്ച കാണാമായിരുന്നു. എല്ലാവരും മുഖത്തോട് മുഖം നോക്കി. അവസാനം രംഗം വിടാൻ തന്നെ തീരുമാനിച്ചു. വിൻസെന്റിന്റെ തിരഞ്ഞു കണ്ടുപിടിച്ചു പെട്ടെന്ന് പോകേണ്ട ഒരു അത്യാവശ്യമുണ്ടെന്നു പറഞ്ഞു സ്ഥലം കാലിയാക്കി. തിരിച്ചെത്തി, വീടിനടുത്തു ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ നീതു ചോദിച്ചു " അമ്മു, ആട് നിർത്തിപൊരിച്ചതു മുഴുവൻ കഴിച്ചില്ലല്ലോ. എന്ത് പറ്റി ഇഷ്ടപ്പെട്ടില്ല ?" അമ്മു, നഷ്ടപ്പെട്ട ഒരു ആഫ്രിക്കൻ സദ്യയോർത്തു നാണിച്ചു തല താഴ്ത്തി.   

Comments

Popular posts from this blog

മഞ്ഞുമൂടിയ ഒരു നിശ്ശബ്ദ സായന്തനം - കുടജാദ്രി അനുഭവം

ഉഗാണ്ട ഡയറീസ് - 1

സ്നേഹത്തിന്റെ മുനമ്പുകൾ തേടി