സ്നേഹത്തിന്റെ മുനമ്പുകൾ തേടി


ആറുമണിയായിട്ടും വെളിച്ചം വീണു തുടങ്ങിയിട്ടില്ല. രാത്രിയുടെ നിഴൽ യുദ്ധങ്ങൾ ഇനിയും അവസാനിക്കുന്നതേയുള്ളൂ. പതിവ് പോലെ മീറ്റർ ഗേജ് വണ്ടിയുടെ ഹോൺ കേട്ടു. ട്രാക്കിലൂടെ നടന്നു പോകുന്ന പണിക്കാരെ വകഞ്ഞു മാറ്റി ആ വണ്ടി പതുക്കെ നീങ്ങുന്നുണ്ടാകും.. നഗരത്തിലെ ദുർഗന്ധം വമിക്കുന്ന ഇടുങ്ങിയ വഴികളിൽ നിന്നും പുറത്തു ചാടി, ചോള പാടങ്ങൾക്കിടയിലൂടെ, കരിമ്പ് തോട്ടങ്ങൾക്കിടയിലൂടെ അത് ഉഗാണ്ടയിലെ നാട്ടിൻപുറങ്ങളിലേക്കു പാഞ്ഞു  പോകും.. ഒരു തുണ്ടു നറു നിലാവും ഒരു തുടം ഇളം കാറ്റും ഹൃദയത്തിലേറ്റി ആ വണ്ടി ഗ്രാമങ്ങൾ കടന്നു തിരിച്ചെത്തും... നാട്ടിലെ പഴയകാല തീവണ്ടി യാത്രകളിലേക്കു മനസ്സ് കൂകി പാഞ്ഞു പോയി...

പുലർച്ച വണ്ടികൾ... ആരുടെയോ കാത്തിരിപ്പിന്റെ ഉറക്കച്ചടവ്കണ്ണുകളിൽ... ആളില്ലാ സ്റ്റേഷനുകൾ.. വിരസമായ ലെവൽ ക്രോസ്സുകൾ... വിഹ്വലമായ ഭാവിയിലേക്ക് നോക്കിയിരിക്കുന്ന പീള കെട്ടിയ കണ്ണുകൾ... കയ്യും തലയും ജനലഴികഴിൽ ചായ്ച്ചു വച്ച് ഉറക്കത്തിലേക്ക് വഴുതി വീഴുന്നവർ ...

സ്റ്റേഷൻ വിട്ടു പോകുന്ന വണ്ടികൾ ...
അവസാനത്തെ ബോഗിയും കടന്നു പോയി കഴിഞ്ഞാൽ നിറയുന്ന വേർപാടിന്റെ ശൂന്യത.. കുട്ടിക്കാലത്തു കാഴ്ച കാണുമ്പോൾ സങ്കടം സഹിക്കാൻ പറ്റാറില്ല ...വേർപെട്ടു പോയ വണ്ടിയിൽ നമ്മുടെ ആരും ഇല്ലെങ്കിലും, ആരൊക്കെയോ നമ്മളെ വിട്ടു പോയ ഒരു തോന്നൽ ...

വര്ഷങ്ങള്ക്കു മുമ്പ് പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ തൃശൂർ റെയിൽവേ സ്റ്റേഷനിലേക്കെത്തി. കിട്ടുന്ന വണ്ടിക്കു എവിടേക്കെങ്കിലും പോകുക മാത്രമായിരുന്നു ഉദ്ദേശം. നോക്കിയപ്പോൾ അടുത്ത വണ്ടി ഹൈദരാബാദിലേക്ക്! ഉടനെ ടിക്കറ്റ് എടുത്തു. വണ്ടി കാത്തു നിക്കുമ്പോൾ അതാ സുഹൃത്ത് സുനിലിന്റെ  വിളി : "നീ എവിടെയാ ? ഞാൻ കൊച്ചിയിലാ. നീ ഇങ്ങോട്ടു വാ." - ഉടനെ പോയി കൊച്ചിയിലേക്കുള്ള ടിക്കറ്റ് എടുത്തു !

ആദ്യത്തെ നീണ്ട ട്രെയിൻ യാത്ര ഇപ്പോഴും മനസ്സിൽ, വിണ്ടു കീറി കിടക്കുന്ന നോക്കെത്താത്ത പാടങ്ങളുടെ, മുഷിഞ്ഞ പഴന്തുണിക്കെട്ടുകളുടെ,  പരന്നൊഴുകുന്ന പൊള്ളുന്ന മഞ്ഞ വെയിലിന്റെ ഓർമ്മയാണ്.. അന്ന് ബോംബെയിലേക്ക് ഇപ്പോഴുള്ള കൊങ്കൺ പാതയില്ല. ചുറ്റി വളഞ്ഞു ആന്ധ്ര വഴി പോകണം. മണിക്കൂറുകളോളം ഉള്ള പിടിച്ചിടലിന്റെ വിരസത ഞാനും ഹരിയേട്ടനും കവിതകൾ പാടി അകറ്റി. വെയിൽ പക്ഷികൾ ഞങ്ങൾക്ക് ചുറ്റും വട്ടമിട്ടു പറന്നു പോയി.. പടയണിയുടെ നാട്ടിൽ നിന്നായിരുന്നു ഹരിയേട്ടൻ.   രണ്ടു ദിവസം മാത്രം നീണ്ടു നിന്ന സൗഹൃദം.. പടയണിത്താളം യാത്രയിലെങ്ങും നിറഞ്ഞു നിന്നു.. ജോലി തേടി ഹരിയേട്ടൻ ബോംബെയിലെ തിരക്കിൽ അലിഞ്ഞു ചേർന്നു... പിന്നീട് ബോംബെയിലെ ഷട്ടിൽ ട്രെയിനുകളിലെ തിങ്ങി ഞെരുങ്ങിയ യാത്രകൾ.. പാവ് ഭാജി മണക്കുന്ന സ്റ്റേഷനുകൾ ! ഗുഡ്ക ചവച്ചു മഞ്ഞ നിറമുള്ള പല്ലുകളുമായി  ജീവിതം ഓടിത്തീർക്കുന്നവർ. ..
മഴയുള്ള ഒരു ദിവസം തിങ്ങി നിറഞ്ഞ വണ്ടിയിൽ വാതിൽപ്പടിയിൽ പിടിച്ചു തൂങ്ങി നിന്നു വഴുതി അടുത്ത ട്രാക്കിലേക്ക് വീണ യുവാവിന്റെ അകന്നു പോയ രോദനം അതിലേ കടന്നു പോയ ഒരു ട്രെയിനിന്റെ ചക്രങ്ങളിൽ ചതഞ്ഞു പോയി. കാഴ്ച കണ്ടിട്ടും യാതൊരു ഭാവ മാറ്റവും  ഇല്ലാതെ തമാശ പറയുന്നവർ... ട്രാക്കിനരികിലൂടെ അത് നോക്കി നിസ്സാര ഭാവത്തിൽ കടന്നു പോകുന്നവർ !  അവിടെ മനുഷ്യന്മാരില്ല. ആൾക്കൂട്ടങ്ങൾ മാത്രമേയുള്ളൂ. ചുറ്റിലും ആൾക്കൂട്ടങ്ങൾ ഭീമാകാരമായ രൂപം പൂണ്ടു ശ്വാസം മുട്ടിച്ചപ്പോൾ തിരിച്ചു വണ്ടി കയറി ...

പിന്നെയും പിന്നെയും യാത്രകൾ ... രാത്രി വണ്ടികളിൽ സുഗന്ധം പരത്തുന്ന പ്രണയങ്ങൾ ... ജനൽ പാളികളിലൂടെ അടിച്ചു കയറുന്ന പാതിരാക്കാറ്റിൽ ഉറക്കം വരാതെ വിറച്ചു ഇരിക്കുമ്പോൾ എതിരെ ഉറങ്ങാതെ ഇരിക്കുന്ന  കണ്ണുകളിൽ പ്രണയത്തിന്റെ ചൂട്... കൊടും വെയിലിൽ മഴ  പെയ്യിക്കുന്ന പ്രണയാർത്ഥികളുടെ  യാത്രകൾ !  കൈവിരൽ സ്പർശനങ്ങൾ !  വാതിൽ പടിയിൽ മുട്ടിയുരുമ്മി ഇരുന്നുകൊണ്ടുള്ള  യാത്രകൾ ...   
തിരുവനന്തപുരത്തു നിന്നുള്ള ഒരു യാത്രയിലാണ് ഗിരീഷ് രസികനായ ഒരു ടിക്കറ്റ് എകസാമിനറെ    പരിചയപ്പെടുത്തിയത്.  കക്ഷി വീട്ടിൽ നിന്നും ഭാര്യ കൊടുത്തയക്കുന്ന വിഭവ സമൃദ്ധമായ പൊതി ചോറ് ഗിരീഷിനെ പോലെ ആൾക്ക് വേണ്ടപ്പെട്ട ആർക്കെങ്കിലും കൊടുക്കും.. മൂപ്പരുടെ ഭക്ഷണം ഒരു പയിന്റ്   റം ആണ്. അത് കുടിച്ചു ഏതെങ്കിലും ബോഗിയുടെ ടോയ്ലെറ്റിൽ കിടക്കും. പതിവായി കിട്ടുന്ന സസ്പെന്ഷനുകൾ സ്വാഭാവികതയോടെ സ്വീകരിക്കും. നീണ്ട ഒരു സസ്പെന്ഷൻ കഴിഞ്ഞ സമയത്താണ് ഇഷ്ടനെ അവസാനമായി കണ്ടത്. അന്ന് കയ്യിലുള്ള പൊതിച്ചോറ് എനിക്ക് വച്ച് നീട്ടിയിരുന്നു . പതിവിൽ കൂടുതൽ ക്ഷീണിതനായിട്ടാണ് അന്ന് പുള്ളി കാണപ്പെട്ടത്. പൊതുവെ മുഷിഞ്ഞ കോട്ട് പതിവിൽ കൂടുതൽ മുഷിഞ്ഞിരുന്നു. പഴയ നീന്തൽ ചാമ്പ്യന്റെ ശരീരം വാര്ധക്യത്തിലേക്കു പതിവിൽ കവിഞ്ഞ വേഗതയിൽ ചുവടു വക്കുന്ന പോലെ തോന്നി .

ബാംഗ്ലൂരിൽ ജോലി ചെയ്യുമ്പോൾ വീട്ടിലേക്കുള്ള പെട്ടെന്നുള്ള യാത്രകൾ സംഭവ ബഹുലമായിരുന്നു. പ്ലാൻ ചെയ്യാതെയുള്ള യാത്രകളെ സ്നേഹിച്ചിരുന്ന കാലമായിരുന്നു. പെട്ടെന്നുള്ള ഉള്ള ഒരു ഉൾവിളിയിൽ ഒരു വെള്ളിയാഴ്ച വണ്ടി കയറും. ട്രെയ്നിലാണെങ്കിൽ അക്ഷരാർത്ഥത്തിൽ കാലു കുത്താനുള്ള ഇടമുണ്ടാകാറില്ല. ലഗേജ് വയ്ക്കുന്ന ഭാഗങ്ങളിലൊക്കെ ആളുകൾ തിങ്ങി നിറഞ്ഞു ഇരിക്കുന്നുണ്ടാകും. ട്രെയിൻ പ്ലാറ്റഫോമിലേക്കു എത്തുമ്പോഴേ ചാടിക്കേറി സ്ഥലം പിടിക്കുന്നവർ. ഇവർ മൂന്നോ നാലോ മണിക്കൂർ മുമ്പേ സ്റ്റേഷനിൽ എത്തിയിരിക്കും.. ആദ്യ യാത്ര രസകരമായിരുന്നു. തൃശൂർ വരെ നിന്ന നിൽപ്പായിരുന്നു അനങ്ങാതെ. ചായക്കാരൻ തിക്കി തിരക്കി ഞങ്ങൾക്കിടയിലൂടെ സൂചിക്കുഴയിലെ ഒട്ടകത്തിനെപ്പോലെ ഇടയ്ക്കിടെ നടന്നുകൊണ്ടിരുന്നു. 

യൂണിവേഴ്സിറ്റി നാടക മത്സരത്തിനായുള്ള പഴയ ഒരു കണ്ണൂർ ട്രെയിൻ യാത്ര. അന്ന് വണ്ടി കാത്തു നിൽക്കുമ്പോൾ പ്ലാറ്റുഫോമിൽ വച്ച് എല്ലാവരും കൂടെ ഒരു സ്കിറ്റ് ചെയ്തിരുന്നു. മനസ്സ് മുഴുവൻ നാടകം. നിൽക്കുന്നിടം മുഴുവൻ സ്റ്റേജ് ! എല്ലാവരും വളരെ സജീവം ! യാത്രയിൽ സുജിത്തേട്ടന്റെ ടേപ്പ് റെക്കോർഡറിൽ നിന്നും ചൗരാസ്യയുടെ പുല്ലാങ്കുഴൽ സംഗീതം... ഒരു ബ്രിന്ദാവന സാരംഗി ആ തിരക്ക് പിടിച്ച ബോഗിയിലെങ്ങും നിറഞ്ഞു പരന്ന് അതിലുള്ള ആൾകൂട്ടത്തിൽ നിന്നും ഓരോരുത്തരെയായി അടർത്തിയെടുത്തു ഏകാന്തതയുടെ ഓരോ തുരുത്തുകളാക്കി തീർത്തു ! തവിട്ടു പൂഴി നിറഞ്ഞ കണ്ണൂരിലെ മണ്ണിൽ ചവിട്ടി നാടകം ചെയ്തു. വിജയികളായി ആർത്തലച്ചു തിരിച്ചു വരുമ്പോൾ ലോകം കീഴടക്കിയ ഭാവമായിരുന്നു എല്ലാവര്ക്കും..

പട്ടാമ്പിയിൽ ജോലി ചെയ്തിരുന്ന സമയത്തു രാവിലെയും വൈകിട്ടും ട്രെയിൻ യാത്രകളായിരുന്നു എന്നും. ഒരിക്കൽ മടങ്ങുമ്പോൾ നേരെ മുന്നിൽ ഇരുന്നത് വെള്ളാരം കണ്ണുള്ള ഒരു വിദേശി യുവാവ്. ട്രെയിനിന്റെ താളത്തിനെ ഓഫ് ബീറ്റിൽ പിടിച്ചു ഒരു കൈ പുറത്തേക്കിട്ടു അയാൾ മനോഹരമായി താളമിടുന്നു. പരിചയപെട്ടു. നാട് ഇസ്രായേൽ. കൃഷിയും ഒരു ലോക്കൽ ബാൻഡിൽ ഡ്രംസ് വായനയുമായി കഴിയുന്നു. ഒരു തോറ്റത്തിന് കനം കുറഞ്ഞ കീശയുമായി ലോകം ചുറ്റാനിറങ്ങി. പട്ടാമ്പിയിൽ ഭാരത പുഴയുടെ തീരത്തു ടെന്റടിച്ചു രണ്ടു ദിവസം തങ്ങി. തൃശൂർ ഗംഭീര സ്ഥലമാണെന്ന് ആരോ പറഞ്ഞപ്പോൾ നേരെ വച്ച് പിടിച്ചു. തൃശ്ശൂരിൽ ടെന്റടിക്കാൻ പറ്റുന്ന സ്ഥലം ഏതെങ്കിലും ഉണ്ടോന്നു എന്നോട് ചോദിച്ചു. വിദ്വാനെ നേരെ വീട്ടിലേക്കു കൂട്ടികൊണ്ടുപോയി. രാത്രി ഒന്നാന്തരം ഊണ് കൊടുത്തു. സാമ്പാറിലെ എരിവ് അയാളുടെ കണ്ണുകൾ നിറച്ചു. മൂക്കും കവിളും ചുവന്നു തുടുത്തു. എരിവുണ്ടോ എന്ന അമ്മയുടെ ചോദ്യത്തിന് അയാൾ സ്നേഹപൂർവ്വം ഇല്ല എന്ന് മറുപടി പറഞ്ഞു. ആ കണ്ണീരിനു കാരണം ഒരു പക്ഷെ എരിവ് മാത്രമായിരിക്കില്ല. നാളുകളോളം ഒറ്റപ്പെട്ട അലച്ചിലിനിടയിൽ കിട്ടിയ ഒരു വാത്സല്യ സ്പർശം ഒരു പക്ഷെ അയാളിൽ കുട്ടിക്കാലത്തിന്റെ ഓർമ്മകൾ നിറച്ചിരിക്കാം... അയാൾ ഇടയ്ക്കിടെ നന്ദി പറഞ്ഞുകൊണ്ടിരുന്നു. ഉറങ്ങാനായി അയാൾ ബാഗ് തുറന്നു തുണികൾ പുറത്തെടുത്തപ്പോൾ നീണ്ട യാത്രയുടെ മുഷിച്ചിൽ ഗന്ധം അവിടെ വ്യാപിച്ചു. അമ്മ കൊടുത്ത ബാർ സോപ്പിന്റെ മണമുള്ള പുതപ്പു മണത്തു നോക്കി ലജ്‌ജാപൂർവ്വം ചിരിച്ചു. സ്നേഹം തന്നു അയാൾ എങ്ങോട്ടോ പോയി...

സ്നേഹം ! അതിനെന്തു ദേശീയത ?

ചെർപ്ലശ്ശേരിക്കടുത്തു കാറൽമണ്ണയിലെ അന്നത്തെ രാത്രി ! തൂതപ്പുഴ എത്തുന്നതിനു മുമ്പ് റോഡിൽ നിന്നും അകത്തേക്ക് മാറി കുഞ്ചു നായരാശാന്റെ പേരിലുള്ള കെട്ടിടത്തിൽ ആയിരുന്നു കഥകളി.  വിജനമായ ആ ഗ്രാമീണതയിൽ കേളി ദൂരെ നിന്നേ കേട്ടു. കളി കഴിഞ്ഞപ്പോൾ രാത്രി ഏറെ വൈകി. കാണാൻ വന്നവരെല്ലാം ആ നാട്ടുകാരായിരുന്നു. കളി കഴിഞ്ഞ ഉടൻ എല്ലാവരും പൊടുന്നനെ പിരിഞ്ഞു പോയി. അരങ്ങും അണിയറയും കാലി.  പെട്ടെന്ന് ചുറ്റിനും ഇരുട്ട് വ്യാപിച്ചു ! വെളിച്ചക്കാരും പിരിഞ്ഞു പോയിരിക്കുന്നു. എങ്ങും ചീവീടുകളുടെ കരച്ചിൽ.. കാട്ടുകോഴിയുടേത് പോലുള്ള ഒരു ഒരു ശബ്ദം എവിടെ നിന്നോ കേട്ടു. കോട്ടക്കൽ മധുവേട്ടന്റെ സംഗീതവും  ചേങ്ങിലയുടെ മുഴക്കവും ഇപ്പോഴും തലയ്ക്കു ചുറ്റും ഇരമ്പിക്കൊണ്ടിരിക്കുന്നു ! എവിടെ നിന്നോ രാത്രി പുഷ്പങ്ങൾ വിരിഞ്ഞ ഗന്ധം ! "എങ്ങാണ്ടൊരൂഞ്ഞാൽ പാട്ടുയരുന്നുവോ സഖീ" കക്കാടിന്റെ വരികൾ മനസ്സിൽ നിറഞ്ഞു. ആരോടെന്നില്ലാതെ പ്രണയം ! മനസ്സ് സജീവമായി. തപ്പിത്തടഞ്ഞു ഒരു വിധം റോഡിലെത്തി. നേരെ ചെർപ്ലശ്ശേരിക്ക് വച്ച് പിടിച്ചു.. കുറെ നടന്നു കഴിഞ്ഞപ്പോൾ പുറകിൽ നിന്നും ഒരു വണ്ടിയുടെ വെളിച്ചം. പ്രതീക്ഷയോടെ നോക്കി. ഒരു പാൽവണ്ടിയാണ്, ഒറ്റപ്പാലത്തേക്കു. ഡ്രൈവർ സ്നേഹപൂർവ്വം ക്ഷണിച്ചു. ഒറ്റപ്പാലമെത്തുന്നത് വരെ അയാൾ നാട്ടു വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ഉറക്കം തൂങ്ങിക്കൊണ്ടിരുന്ന ഞാൻ ഇടയ്ക്കു മൂളുന്നുണ്ടായിരുന്നു.

രാത്രിയും പകലും എന്നില്ലാതെ എവിടെയൊക്കെയോ വച്ച് സ്നേഹം തന്നു പിരിഞ്ഞു പോകുന്നവർ !

റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിട്ടു അയാൾ പോയി. കൗണ്ടറിൽ ചെന്നപ്പോൾ ടിക്കറ്റ് കൊടുക്കുന്നയാൾ നല്ല ഉറക്കമാണ്. തട്ടി വിളിച്ചിട്ടും ഒരു മൂളൽ മാത്രം. പെട്ടെന്ന് ഒരു അന്നൗൺസ്‌മെന്റ് കേട്ടു. ടീ ഗാർഡൻ എക്സ്പ്രസ്സ് വരുന്നു ! ടിക്കറ്റ് എടുക്കാൻ നിന്നില്ല. ഉറക്കം നിറഞ്ഞ കണ്ണുകളുമായി തൃശൂർ സ്റ്റേഷനിൽ ഇറങ്ങി നടക്കുമ്പോൾ പിന്നിൽ നിന്നും ഒരു വിളി "ടിക്കറ്റ് പ്ലീസ്". കാലിയായ പോക്കറ്റും പ്രസന്നമായ മുഖവുമായി പുറത്തേക്കിറങ്ങി നടന്നു. പുറകിൽ ടിക്കറ്റ് ചെക്കർ  കൃതാര്ഥതയോടെ രസീത് ബുക്കിലെ പേജ് മറിച്ചു. സ്റ്റേഷൻ വിടുന്ന വണ്ടിയുടെ ഹോൺ മുഴങ്ങി...

പ്രണയാതുരമായ നിലമ്പുർ റെയിൽവേ സ്റ്റേഷൻ ! അതിന്റെ പുറകിൽ നിറയെ കാടാണ്. തുറസ്സായ പ്ലാറ്റുഫോമിൽ ഇരുന്നാൽ തൊട്ടു പുറകിൽ നിന്നും കിളികളുടെ മർമ്മരം കേൾക്കാം. പൂത്താങ്കീരികൾ പാളങ്ങൾക്കിടയിലൂടെ ചാടി നടന്നു കൊത്തിപ്പെറുക്കുന്നതു കാണാം. ശ്രദ്ധിച്ചു നോക്കിയാൽ പാളം മുറിച്ചോടുന്ന ചെങ്കീരികളെ കാണാം. വള്ളിപ്പടർപ്പുകൾക്കിടയിൽ നിന്നും പാമ്പുകളുടെ ചുടു നിശ്വാസങ്ങൾ.. വല്ലപ്പോഴും മാത്രം വരുന്ന വണ്ടികളെ കാത്തിരിക്കുന്ന സ്റ്റേഷൻ മാസ്റ്റർ !

വീണ്ടും എത്രയോ  യാത്രകൾ ..

സ്നേഹവും പകയും വീറും വാശിയും  കാരുണ്യവും നിറഞ്ഞ ജനങ്ങളെ കുത്തി നിറച്ചു ട്രെയിനുകൾ അങ്ങോളം ഇങ്ങോളം ഓടിക്കൊണ്ടിരുന്നു. വെയിലും നിലാവും മഴയും മഞ്ഞും അവക്കിടയിൽ പരന്നൊഴുകി ..രണ്ടു ബോഗികൾക്കിടയിലുള്ള കണ്ണികൾ പലപ്പോഴും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെ ഓർമ്മിപ്പിച്ചു.. കാലപ്പഴക്കത്താൽ ദ്രവിച്ച അവ പലപ്പോഴും മുരണ്ടുകൊണ്ടിരുന്നു.. 

വഴിത്താരകളിൽ ഇനിയും കണ്ടു മുട്ടുമെന്നു പറഞ്ഞു ഒരു നിശ്വാസം ഉതിർത്തു വണ്ടികൾ കടന്നു പോകുന്നു... യാത്രികരും...

Comments

Popular posts from this blog

മഞ്ഞുമൂടിയ ഒരു നിശ്ശബ്ദ സായന്തനം - കുടജാദ്രി അനുഭവം

ഉഗാണ്ട ഡയറീസ് - 1