മഴക്കാട് തേടി
കെനിയയിലെ
വരണ്ട സാവന്നയിലൂടെ
യാത്ര ചെയ്യുമ്പോളൊക്കെ
തൊട്ടടുത്ത രാജ്യമായ
ഉഗാണ്ടയിലെ
മഴക്കാടുകളെക്കുറിച്ചോർക്കാറുണ്ട്.
നൈൽ നദിയും
വിക്ടോറിയാ തടാകവും
മറ്റനേകം ചെറു
തടാകങ്ങളും കരിം
പച്ച മഴക്കാടുകളും നിറഞ്ഞ
ഒരു കൊച്ചു രാജ്യമാണ് ഉഗാണ്ട.
കെനിയയിൽ
നിന്നും ഉഗാണ്ടയിലേക്കു
സ്വയം പറിച്ചു
നടുമ്പോൾ തന്നെ
മഴക്കാടുകളിലേക്കുള്ള
യാത്ര മനസ്സിൽ
കണ്ടിരുന്നു.
ഉഗാണ്ടയിൽ
വന്നിറങ്ങിയപ്പോൾ
ആദ്യം അന്വേഷിച്ചത്
മഴക്കാടുകളെ കുറിച്ചാണ്.
തലസ്ഥാനമായ
കമ്പാലയിൽ നിന്ന്
60 കിലോമീറ്റർ
സഞ്ചരിച്ചാൽ 'മബീര'
എന്ന പേരിൽ
ഒരു മഴക്കാടുണ്ടെന്നു
അറിഞ്ഞു. ഏകദേശം
300 ചതുരശ്ര
കിലോമീറ്റർ
വിസ്തൃതിയിൽ (
നമ്മുടെ
പറമ്പിക്കുളം
കാടിനോളം വരും)
ഒറ്റപ്പെട്ടു
കിടക്കുന്ന ഒരു
പച്ചത്തുരുത്ത്!
അവിടെ
താമസിക്കാൻ ഒരു
ഇക്കോ ലോഡ്ജ്
ഉണ്ടെന്നും
അറിഞ്ഞപ്പോൾ പിന്നെ
ഒട്ടും വൈകിച്ചില്ല,
ആദ്യത്തെ
യാത്ര അങ്ങോട്ട്
തന്നെ ആക്കാൻ
തീരുമാനിച്ചു.
മബീര
മഴക്കാടിന്റെ
ചരിത്രം ചികഞ്ഞപ്പോളാണ്
വര്ഷങ്ങള്ക്കു
മുമ്പുണ്ടായ
പ്രസിദ്ധമായ ഒരു
പരിസ്ഥിതി
സമരത്തെക്കുറിച്ചറിഞ്ഞത്.
ഈ കാടിന്
ചുറ്റും ഹെക്ടറുകളോളം
കരിമ്പിൻ തോട്ടങ്ങളുണ്ട്.
അതിസമ്പന്നമായ
ഒരു ഇന്ത്യൻ
ഗ്രൂപ്പിന്റെ ഭാഗിക
ഉടമസ്ഥതയിൽ ഉള്ള, ഇവിടുത്തെ
ഏറ്റവും വലിയ
പഞ്ചസാര ഫാക്ടറിയിലേക്ക്
കരിമ്പ് കൊണ്ടുപോയിരുന്നത്
ഈ തോട്ടങ്ങളിൽ
നിന്നും ആയിരുന്നു.
ഫാക്ടറിയിലെ
ഉൽപാദനം കൂട്ടുന്നതിന്
വേണ്ടി മബീര
മഴക്കാടിന്റെ
പകുതിയോളം
വെട്ടി വെളുപ്പിച്ച്
കരിമ്പ് വച്ച്
പിടിപ്പിക്കുവാൻ
തീരുമാനിച്ചു.
ഇതിനെതിരെ
വലിയൊരു വിഭാഗം
നാട്ടുകാർ രംഗത്ത്
വന്നു. അന്നാട്ടിലെ
വലിയൊരു ജലസ്രോതസ്സായ
ഈ മഴക്കാട്
അവരുടെ ഹൃദയം
ആണെന്ന് അവർ
തിരിച്ചറിഞ്ഞിരുന്നു.
ആ പ്രദേശത്തെ
കാലാവസ്ഥയെ ഈ
കാട് തീവ്രമായി
സ്വാധീനിച്ചിരുന്നു.
സമരം
ശക്തമായതോടു കൂടി
പല പരിസ്ഥിതി
സംഘടനകളും രംഗത്ത്
വന്നു. മറ്റു
പ്രദേശങ്ങളിൽ
ഉള്ളവർ കൂടി
പങ്കു ചേർന്നതോടെ
സമരം ഒരു
കൊടുങ്കാറ്റായി
ആഞ്ഞടിച്ചു.
ഒടുവിൽ
പ്രസിഡണ്ട് ഇടപെട്ട്
കാട് വെട്ടാനുള്ള
തീരുമാനം റദ്ദാക്കി.
ഇതിനും
വളരെക്കാലം മുമ്പേ
തന്നെ മറ്റൊരു
പരിസ്ഥിതി ആഘാതത്തെ
ഈ കാട്
അതിജീവിച്ചിരുന്നു.
ഏതാണ്ട്
നൂറ് വര്ഷങ്ങള്ക്കു
മുമ്പ് ബ്രിട്ടീഷ്
കൊളോണിയൽ കാലഘട്ടത്തിൽ
കനത്ത വന
നശീകരണം ഇവിടെ
നടന്നിരുന്നു. സ്വാഭാവിക
റബ്ബർ മരങ്ങളുടെ
കലവറയായ ഈ
കാട്ടിൽ നിന്നും
റബ്ബർ മരങ്ങൾ
മുറിച്ചു കടത്തിയിരുന്നു.
ഒരു റബ്ബർ
മരം മുറിക്കാൻ
അതിനു ചുറ്റുമുള്ള
കാടും വെളുപ്പിക്കേണ്ടിയിരുന്നു.
പിന്നീട്
ഇത് വലിയ
ചെലവുള്ള ഒരു
ഏർപ്പാടായി മാറിയതോടെ
അവർ കൃത്രിമമായി
മറ്റെവിടെയെങ്കിലും റബ്ബർ
പ്ലാൻറ് ചെയ്യാൻ തീരുമാനിച്ചു.
അങ്ങനെ
മഴുവിൽ നിന്നും
പല തവണ
രക്ഷപ്പെട്ട ആ കാട് നീലാകാശത്തിലേക്ക്
തഴച്ച് വളർന്നു.
എല്ലാം
അതിജീവിച്ച്,
ഭൂമിയിലേക്ക്
അതിന്റെ വേരുകൾ
ഇറക്കി,
മഴമേഘങ്ങളെ
മാറോടു ചേർത്ത്
പിടിച്ച്,
കാലപ്പഴക്കത്തിന്റെ
മണമുള്ള മണ്ണിൽ
കൊഴിഞ്ഞ ഇലകളുടെ
പുതപ്പു തീർത്ത്,
നൂറായിരം
ജീവികളെ അതിൽ
ഒളിപ്പിച്ച്,
വളർന്നു
പന്തലിച്ച കരിമ്പച്ച
ചാർത്തുകളിൽ അനേകം
പക്ഷികളെ പാർപ്പിച്ച്
ആ മഴക്കാട്
സ്നേഹത്തിന്റെ
ഒരു കുമ്പിൾ
പച്ചനീർ ആ
പ്രദേശമാകെ തളിച്ചു
!
ഒരു
ശനിയാഴ്ച ഞങ്ങൾ
മബീരയിലേക്കു
യാത്ര പുറപ്പെട്ടു.
പുതിയ
സ്ഥലമായതുകൊണ്ടു
ഡ്രൈവർ ജിമ്മിയെ
കൂടെ കൂട്ടി.
കുറിയ
ശരീരവും സൗമ്യമായ
ശബ്ദവും ഉള്ള
ജിമ്മിയുടെ നാട്
വടക്കൻ ഉഗാണ്ടയിലെ
"ഗുളു"
ആണ്.
എപ്പോഴും
മുഖത്തു പ്രസന്നതയും
ചുണ്ടിൽ ഒരു
ചെറു പുഞ്ചിരിയും
ഉള്ള അയാൾ
വഴിവക്കിൽ കാണുന്ന
ഓരോന്നും ചൂണ്ടിക്കാട്ടി
വിവരിച്ചുകൊണ്ടിരുന്നു.
നഗരം
വിടുന്നത് വരെ
റോഡ് വാഹനങ്ങളാൽ
നിറഞ്ഞു കവിഞ്ഞിരുന്നു.
ശനിയാഴ്ചയായതുകൊണ്ടു
സ്വന്തം ഗ്രാമങ്ങളിലേക്ക്
പോകുന്ന ജനങ്ങളുടെ
തിരക്ക്. പലരും
അക്ഷമരായി,
കുരുങ്ങി
കിടക്കുന്ന വണ്ടികളെ
കടത്തി വെട്ടി
എതിർ ദിശയിൽ
നിന്ന് വരുന്ന
വണ്ടികൾക്ക് വിഘാതം
സൃഷ്ടിച്ച്,
ഒരു എട്ടുകാലി
വല പോലെ
ആ കുരുക്കിനെ
നെയ്തു കൂട്ടിക്കൊണ്ടിരുന്നു.
അതിശയം
തോന്നിയ ഒരു
കാര്യം, ഇത്രയും
തിരക്കുണ്ടായിട്ടു
പോലും വണ്ടികളുടെ
ഹോൺ തീരെ
കേൾക്കാനുണ്ടായിരുന്നില്ല
എന്നതാണ്. കെനിയയിൽ
ഉണ്ടായിരുന്നപ്പോഴും
ശ്രദ്ധിച്ചിരുന്ന
കാര്യം ആണ്.
എത്ര
തിരക്കുണ്ടെങ്കിലും
ഹോൺ അടിക്കാതെ
സംയമനം പാലിക്കും.
അനാവശ്യമായ
ഹോൺ കൊണ്ട്
മുമ്പിലുള്ളവരെ
പ്രകോപിപ്പിക്കുക
എന്നല്ലാതെ ഒരു
കാര്യവും ഇല്ലെന്നു
അവർക്കറിയാം.
മുമ്പിലുള്ള
അനേകം വണ്ടികൾ
പിടി കിട്ടാത്ത
ഒരു സമസ്യ
പോലെ കുരുങ്ങി
കിടക്കെ ഹോൺ
അടിച്ചിട്ട് എന്ത്
കാര്യം ?
വഴിയരുകിൽ
കരിമ്പ് കഷ്ണങ്ങൾ
വിൽക്കുന്ന
കുട്ടികൾ...
കുരുങ്ങിക്കിടക്കുന്ന
വാഹനങ്ങൾക്കരികിൽ
വന്നു ബൈബിൾ
പ്രഭാഷണങ്ങൾ
നടത്തുന്ന
ചെറുപ്പക്കാർ...
ഇവിടെ
സ്ഥിരമായി കാണുന്ന
ഒരു കാഴ്ചയാണിത്.
കൈകൾ
മേലോട്ടുയർത്തി
ഒഴുക്കുള്ള ഭാഷയിൽ
ചെവി പൊട്ടുന്ന
ശബ്ദത്തിൽ ഇവർ
പ്രസംഗിക്കും.
ആരെങ്കിലും
ഇത് കേൾക്കുന്നുണ്ടോ
എന്നത് ഇവർക്ക്
പ്രശ്നമേയല്ല..
വെയിലും
മഴയും അവർ
ശ്രദ്ധിക്കാറില്ല..
ദൈവ വചനത്തിനു
വന്ന അവധൂതനാണെന്നു
സ്വയം വിശ്വസിച്ച്
അവർ പ്രസംഗിച്ചു
കൊണ്ടേയിരിക്കും.
ഓരോ
കുരുക്കുകളിൽ
നിന്നും ജിമ്മി
വണ്ടിയെ സമർത്ഥമായി
വഴുതി മാറ്റി
നഗരത്തിനു
പുറത്തെത്തിച്ചു.
നഗരം വിട്ട്
ദീർഘമായി ഒന്ന്
നിശ്വസിച്ച് വണ്ടി
പാഞ്ഞു. ചോളപ്പാടങ്ങൾ
കണ്ടു തുടങ്ങി.
വഴിയരുകിൽ
നിറയെ സുക്മ
(ചീര
പോലെ ഒരു
തരം ഇല)
കൃഷി
ചെയ്തിരിക്കുന്നു.
തകരം മേഞ്ഞ
ചെറു വീടുകൾ...
ചുട്ട
ചോളവും കപ്പയും
വിൽക്കുന്നവർ...
മണ്ണിൽ
തകർത്തു കളിക്കുന്ന
കുട്ടികൾ!
പറക്കുന്ന
പൊടിമണ്ണിനിടയിലൂടെ
അവരുടെ നിഷ്കളങ്കമായ
ചിരി ! ചീറി
പായുന്ന ബോഡ
ബോഡകൾ (ഒരു
തരം ബൈക്ക്
ടാക്സി). വെയിൽ
ചാഞ്ഞു തുടങ്ങിയിരിക്കുന്നു.
മനസ്സ്
മബീര കാട്ടിലേക്ക്
പറന്നു.
കുറെ
ദൂരം താണ്ടിക്കഴിഞ്ഞപ്പോൾ
തേയിലത്തോട്ടങ്ങൾ
കണ്ടു. കുറച്ചു
കൂടെ മുന്നോട്ടു
പോയി കഴിഞ്ഞപ്പോൾ
ഇരുവശങ്ങളിലും
ചെറിയ പീടികകൾ
ഒക്കെയുള്ള ഒരു
ചെറിയ പട്ടണം.
അവിടെ
വാഹങ്ങൾ കൂട്ടമായി
നിർത്തിയിട്ടിരിക്കുന്നു.
ദീർഘദൂര
യാത്രക്കാർക്ക്
വണ്ടി നിർത്തി
വിശ്രമിക്കാനുള്ള
ഒരു കേന്ദ്രമാണ്.
മുളംകോലിൽ
കോർത്ത ചുട്ട
കോഴിയുടെ ഭാഗങ്ങളും
മറ്റും വിൽക്കുന്ന
കുട്ടികൾ.ചിലർ
സോഡയും വെള്ളവും
വിൽക്കുന്നു.
ഇവിടെ
'സോഡ'
നമ്മുടെ
നാട്ടിലെ സോഡയല്ല
- പല
നിറങ്ങളിലുമുള്ള
ശീതള പാനീയങ്ങൾ,
പലതും ആഗോള
ബ്രാൻഡുകൾ !
ഇവിടെയുള്ളവർ
ഇത്തരം പാനീയങ്ങൾ
സ്ഥിരമായി
ഉപയോഗിക്കുന്നവർ
ആണ്. പലരും
ഇത് ഒരു
'ഹെൽത്
ഡ്രിങ്ക്'
ആയിട്ടാണ്
കണക്കാക്കുന്നത്.
ലോകാരോഗ്യ
സംഘടനയുടെ കണക്കു
പ്രകാരം ഇത്തരം
പാനീയങ്ങളുടെ
ആഫ്രിക്കയിലെ
ശരാശരി ഉപഭോഗം
ലോക ശരാശരിയേക്കാൾ
ഏറെ മുകളിലാണ്.
നമ്മുടെ
നാട്ടിൽ ഒരു
നേരത്തെ ഭക്ഷണത്തിനോ
മറ്റോ വേണ്ടി
ഭിക്ഷ യാചിക്കുന്നവർ
'കാപ്പികാശ്'
ചോദിക്കുമ്പോൾ
ഇവിടെയുള്ളവർ
'സോഡാക്കാശ്'
ആണ് ചോദിക്കുക.
ചിലർ
ചോളം കനലിൽ
ചുട്ട് വിൽക്കുന്നു.
മറ്റു ചിലർ
ചപ്പാത്തി ചുടുന്നു.
നമ്മുടെ
ചപ്പാത്തി പോലെയല്ല.
ഇവർ ഇത്
മൈദയിലാണ് ഉണ്ടാക്കുക.
നല്ല കനത്തിൽ
മുട്ടയൊക്കെ ചേർത്ത്
ധാരാളം എണ്ണയൊക്കെ
കോരിയൊഴിച്ചാണ്
ഇതുണ്ടാക്കുന്നത്.
തികച്ചും
അനാരോഗ്യപരമായ ഭക്ഷണം !
നമ്മുടെ
പൊറോട്ടയുടെ
വകയിലുള്ള
വല്യേട്ടനായിട്ട്
വരും ! സമയക്കുറവു
കൊണ്ട് ഞങ്ങൾ
വേഗം അവിടം
വിട്ടു. കുറെ
ദൂരം പിന്നിട്ടപ്പോൾ
കരിമ്പ് തോട്ടങ്ങൾ
കണ്ടു തുടങ്ങി.
മനസ്സ്
പറഞ്ഞു:
"മബീര
എത്താറായിരിക്കുന്നു".
ഈ തോട്ടങ്ങൾ
കാട്ടിലേക്ക് കൂടെ
വ്യാപിപ്പിക്കുന്നതിനെതിരെ
ആണല്ലോ പണ്ട്
സമരം നടന്നത്!
കുറച്ചു
യാത്ര ചെയ്തപ്പോൾ
ഇരുവശവും പച്ചപ്പ്
കൂടി വന്നു.
വനാതിർത്തി
തുടങ്ങിയിരിക്കുന്നു!
കമ്പാലയിൽ
നിന്നും മറ്റൊരു
പട്ടണമായ ജിഞ്ചയിലേക്കുള്ള
പ്രധാന പാതയാണ്
ഇത്. കാടിന്റെ
ഒരു വശത്തു
കൂടെ ഈ
പാത കടന്നു
പോകുന്നു. വണ്ടി
വലത്തോട്ട് തിരിഞ്ഞ്
ചെറിയ ഒരു
വനപാതയിലേക്കു
കയറി.
വഴിയിൽ
ഇരുൾ മൂടിക്കിടക്കുന്നു.
ഇലകൾ വീണു
പുതഞ്ഞിരിക്കുന്നു.
എവിടെയൊക്കെയോ
കണ്ടു മറന്ന
വഴികൾ !
ഇരുവശങ്ങളിലുമുള്ള,
ഇരുട്ട്
കലക്കിയൊഴിച്ച
കാട്ടിൽ നിന്നും
വീശുന്ന കാറ്റിൽ
വർഷാന്തരങ്ങളുടെ
മദഗന്ധം !
കൊടുംകാടുകളിൽ
അലഞ്ഞു നടന്നിരുന്ന
പഴയ മനുഷ്യ
രാശിയുടെ ഒരു
പൊക്കിൾകൊടി ബന്ധം
ഓർമ്മയായി ആ
കാറ്റിൽ അലിഞ്ഞു
ചേർന്നു. ഈ
വനഗന്ധം നമ്മളെ
ഓർമ്മിപ്പിക്കുന്നു
- നമ്മൾ
വെറുമൊരു മഴത്തുള്ളിയാണ്,
മഹത്തായ
യാത്രയിലെ ഒരു
ചെറു കണം
! ആ യാത്രയിൽ
പലപ്പോഴും നമ്മൾ
ഇത്തരം വനാന്തരങ്ങളിലൂടെ
കടന്നു പോകുന്നു.
പണ്ട് നടന്ന
വഴികളുടെ ഓർമ്മകൾ
ചുരത്തുന്നു...
ഒടിഞ്ഞു
കിടന്ന ഒരു
മരക്കമ്പിൽ കയറിയപ്പോൾ
വണ്ടി ഒന്ന്
കുലുങ്ങി.
ചിന്തകളിൽ
നിന്നും പെട്ടെന്നുണർന്നു.
കുറച്ചു
ദൂരം കൂടെ
മുന്നോട്ടു പോയപ്പോൾ
ഫോറസ്ററ് ലോഡ്ജിന്റെ
ദിശ കാണിച്ചു
കൊണ്ടുള്ള ബോർഡ്
കണ്ടു. വണ്ടി
തിരിഞ്ഞ് ലോഡ്ജിനകത്തേക്കു
കയറി.
പ്രകൃതിക്കു
ചേരുന്ന രീതിയിൽ
തന്നെയാണ് ലോഡ്ജിന്റെ
നിർമ്മാണം.
കല്ലും
മണ്ണും ഉപയോഗിച്ചുള്ള
ചുവരുകൾ.
ഉൽക്കാടിന്റെ
അന്തരീക്ഷത്തിനു
കോട്ടം തട്ടാത്ത
രീതിയിൽ ആണത്
പണിതിരിക്കുന്നത്.
പ്രധാന
കെട്ടിടത്തിൽ
നിന്നും കോട്ടേജുകളിലേക്കു
നീങ്ങുന്ന കല്ല്
വിരിച്ച ഒറ്റയടി
പാതകൾ... ആ
വഴി കണ്ടാൽ
അത് കാട്ടിനകത്തേക്കു
നീണ്ടു പോകുന്ന
പോലെ തോന്നും.
അത് കറങ്ങി
തിരിഞ്ഞ്,
കാട്ടിലേക്ക്
ഇറങ്ങി നിൽക്കുന്ന
ഒരു കോട്ടേജിൽ
ചെന്നവസാനിച്ചു.
മണ്ണിൽ
കുഴിച്ചിട്ടിരിക്കുന്ന
മരക്കുറ്റികൾക്ക്
മുകളിൽ ആണ്
അത് നിർമ്മിച്ചിരിക്കുന്നത്.
നിർമ്മാണം
മിക്കവാറും മരം
കൊണ്ട് തന്നെ.
വളരെ വലിയ
ഒരു ബാൽക്കണി
കാട്ടിലേക്കിറങ്ങി
നിൽക്കുന്നു.
. മുറിക്കകത്തു
നിന്ന് മുഴുവനായും
തുറന്നു വെക്കാവുന്ന
ജനാല. ജനാല
എന്ന് പറയാൻ
പറ്റില്ല. അത്
ചുവര് മുഴുവനായും
നിറഞ്ഞതാണ്
ഇരിക്കുന്നത്.
അത് തുറന്നാൽ
ചുവർ തന്നെ
എടുത്തു മാറ്റിയ
പോലെയാണ്. കുറച്ചു
നേരം അവിടെ
നിശബ്ദമായി
ഇരുന്നപ്പോൾ കാട്ടിൽ
നിന്നുള്ള ചെറിയ
ശബ്ദങ്ങൾ കേൾക്കാൻ
തുടങ്ങി.
മുറിയിലേക്ക്
അടിച്ചു കയറുന്ന
കാറ്റിൽ പല
തരം ഗന്ധങ്ങൾ
! പുറത്തു
പലതരം പച്ചകളുടെ
ഇന്ദ്രജാലം.
അടിക്കാടിനെ
വകഞ്ഞു മാറ്റി
ആകാശത്തിലേക്കു
പാഞ്ഞു പോയ
വൃക്ഷ തലപ്പുകൾ...
നിഗൂഢതയിൽ
നിന്നെന്ന പോലെ
മുകളിൽ നിന്നും
ഇറങ്ങി വരുന്ന
കനത്ത വള്ളികൾ
! ഇരുട്ട്
നിറഞ്ഞ വന്യതയിൽ
നിന്നും ഏതൊക്കെയോ
ജീവികൾ തുറിച്ചു
നോക്കുന്ന പോലെ.
ആ കാടിനെ
ഒന്ന് പുണരാൻ
തോന്നി.
പുറത്തേക്കൊന്നിറങ്ങി
നടന്നു. പടുകൂറ്റൻ
മരങ്ങളെ തൊട്ടു നിന്നപ്പോൾ
വർഷാന്തരങ്ങളുടെ മിന്നൽ
പ്രവാഹം ശരീരത്തിലൂടെ കടന്നു
പോയി. താഴെ
കരിമണ്ണ്,
കുതിർന്ന
ഇലകൾ പുതച്ച് ഉറങ്ങുന്നു.
പെട്ടെന്ന്
തലയ്ക്കു മുകളിലൂടെ ഒരു കനത്ത
ചിറകടി.
ഇലച്ചാർത്തുകൾക്കിടയിലേക്കു
സൂക്ഷിച്ചു നോക്കി.
ഒന്നും
കാണാനില്ല !
വീണ്ടും
ചിറകടി ! ഏതോ
ഒരു വലിയ പക്ഷി എന്റെ സാമീപ്യത്തിൽ
അസ്വസ്ഥയാണ്.
പെട്ടെന്ന്
തൊട്ടുമുകളിൽ നിന്ന് ഒരു
വലിയ കരച്ചിൽ കേട്ടു.
വേഴാമ്പൽ
!! ഞാൻ
നിന്നിരുന്ന മരത്തിനു മുകളിൽ
ആണെന്ന് തോന്നുന്നു അതിന്റെ
കൂട്. ആ
ഒറ്റയടിപ്പാതയിൽ ഇരുട്ട്
നിറഞ്ഞപ്പോൾ തിരിച്ചു നടന്നു.
പുറത്തേക്കു
നോക്കി മുറിയിൽ
ഇരുന്നു. സമയം
പോയതറിഞ്ഞില്ല.
രാത്രിയായതോടെ
കാട്ടിൽ നിന്ന്
വരുന്ന ശബ്ദങ്ങൾക്ക്
മാറ്റം വന്നു
തുടങ്ങി. പെട്ടെന്ന്
പുറത്തൊരു കാൽ
പെരുമാറ്റം.
വാതിൽക്കൽ
ആരോ മുട്ടുന്നു.
നോക്കിയപ്പോൾ
ലോഡ്ജിന്റെ മാനേജർ
ആണ്. സ്വയം
പരിചയപ്പെടുത്തി.
ഖാൻ എന്നാണു
പേര്.
ഹൈദരാബാദ്കാരനാണെങ്കിലും
മുപ്പതു വർഷത്തോളമായി
ഉഗാണ്ടയിലാണ്.
മിക്ക
സമയത്തും കാട്ടിനകത്തു
തന്നെ. അയാൾ
ഉഗാണ്ടയിലെ കാടുകളെ
കുറിച്ചും ചില
ജീവികളുടെ
പ്രത്യേകതകളെക്കുറിച്ചും
സംസാരിച്ചു. ആ
കാട്ടിൽ "ഹൈറാക്സ്"
എന്ന ഒരു
ജീവി ഉണ്ടെന്നും
രാത്രി അതിന്റെ
കരച്ചിൽ കേട്ടാൽ
പേടിക്കരുതെന്നും
പറഞ്ഞു. ആഫ്രിക്കൻ
കാടുകളിൽ മാത്രം
കണ്ടു വരുന്ന
ഒരു ജീവിയാണിത്.
വെരുകിനെ
പോലെയിരിക്കുമെങ്കിലും
അതിനേക്കാൾ
വലുപ്പമുണ്ട്.
ഇവക്കു
വലിയ പേടിയാണ്.
എന്തെങ്കിലും
ചെറിയ അനക്കം
കണ്ടാൽ ശത്രുവാണെന്നു
കരുതി വലിയ
വായിൽ കരയും.
ഒരു മനുഷ്യൻ
അലറി വിളിക്കുന്നത്
പോലെയാണ് കരച്ചിൽ.
അത് വളരെ
നേരം നീണ്ടു
നിൽക്കും.
പെട്ടെന്ന്
കേട്ടാൽ ആരോ
അപകടത്തിൽ പെട്ട്
സഹായത്തിനായി
വിളിക്കുന്ന പോലെ
തോന്നും. ഇത്
കൃത്യമായി ടെറിട്ടറി
ഉണ്ടാക്കി ജീവിക്കുന്ന
ജീവിയാണ്. സ്വന്തം
തട്ടകത്തിൽ മറ്റുള്ളവർ
കയറി വന്നുണ്ടാകുന്ന
വഴക്കുകളും
സാധാരണമാണ്.
ഇതിനെ
കുറിച്ച് മുന്നറിയിപ്പ്
തരാനും പരിചയപ്പെടാനും
ആണ് ഖാൻ
വന്നത്. കാടുകളെ
കുറിച്ച് വാ
തോരാതെ സംസാരിച്ച്
രാത്രി ഭക്ഷണത്തിന്
ക്ഷണിച്ച് അയാൾ
പോയി.
ഭക്ഷണം
കഴിഞ്ഞ് തിരിച്ചെത്തി,
റാന്തൽ
കത്തിച്ച് ബാൽക്കണിയിൽ
കുറെ നേരം
ഇരുന്നു. തണുത്ത
ഇളം കാറ്റ്
വീശുന്നുണ്ട്.
എവിടെയോ
മഴ പെയ്യുന്ന
പ്രതീതി. ഒരു
മഴ പെയ്തെങ്കിൽ
എന്നു വല്ലാതെ
ആഗ്രഹിച്ചു.
രാത്രി
ഏറെ വൈകിയപ്പോൾ
ചെന്ന് കിടന്നു.
ഉറക്കം
വരുന്നില്ല.
തിരിഞ്ഞും
മറിഞ്ഞും കിടന്നു.
കുറെ നാൾ
മനസ്സിൽ കൊണ്ട്
നടന്ന ആ
മഴക്കാടിനകത്തുള്ള
രാത്രി ഉറങ്ങി
തീർക്കാൻ തോന്നുന്നില്ല.
രാത്രിയുടെ
വന സംഗീതത്തിൽ
ശ്രദ്ധിച്ചു
കിടന്നു. ഖാൻ
പറഞ്ഞ ജീവിയുടെ
കരച്ചിൽ പലയിടത്തു
നിന്നായി ഉയർന്നു
കേൾക്കാൻ തുടങ്ങി.
അതി ഭീകരം
തന്നെ. പക്ഷെ
ആ ജീവിയെ
കുറിച്ചോർത്തപ്പോൾ
സഹതാപം തോന്നി.
എവിടെയോ
ഒളിഞ്ഞിരിക്കുന്ന
ശത്രുക്കളെ ഓർത്ത്
വേവലാതി പൂണ്ട
കരച്ചിലല്ലേ അത്.
ആ കരച്ചിൽ
കേട്ട് കിടന്നപ്പോൾ
അതിൽ ലയിച്ചു
പോയി... അറിയാതെ
എപ്പോഴോ ഉറക്കത്തിലേക്കു
വഴുതി വീണു.
ആർത്തലച്ചുള്ള
ഒരു ഇരമ്പൽ
കേട്ടാണ് ഞെട്ടിയുണർന്നത്.
കാട് ഉലയുന്ന
ശബ്ദം !! മഴ
!! തപ്പിത്തടഞ്ഞ്
സമയം നോക്കി.
രണ്ടരയാവുന്നതേ
ഉള്ളൂ. ജനൽ
പതുക്കെ തുറന്നു
നോക്കി. ശക്തമായി
തൂവാനയടിച്ചപ്പോൾ
ജനൽ അടച്ചു.
റാന്തൽ
കൊളുത്തി വച്ച്
കാടും മഴയും
തമ്മിലുള്ള
സംവാദത്തിന് ചെവി
കൊടുത്ത് ഇരുന്നു.
ഇടക്കത്
നിന്നു. ചെറിയൊരു
ഇടവേളയ്ക്കു ശേഷം
പൂർവ്വാധികം
ശക്തിയോടെ പെയ്തു.
ശക്തമായ
കാറ്റും മഴയും
! കരിയില
പറന്നും മണ്ണാങ്കട്ട
അലിഞ്ഞും പോയിക്കാണും
! പഴയ ഈ
മുത്തശ്ശിക്കഥയിലെ
അവസാനം കേട്ടുകഴിയുമ്പോൾ
തോന്നുന്ന വിരഹത്തിന്റെ
വീർപ്പുമുട്ടൽ !
വാതിൽ
തുറന്നു പുറത്തെ
ബാൽക്കണിയിലേക്ക്
ഇറങ്ങി. തൂവാനകൾ
പാറിപ്പറന്ന്
മുഖത്തു മുട്ടിയുരുമ്മി
പരാതി പറഞ്ഞു
"എവിടെയായിരുന്നു
ഇത്രയും നാൾ?"
പുറത്തെ
കസേരയിൽ ചാരിയിരുന്ന്
പുറത്തെ മഴയിലേക്ക്
ചെവി കൊടുത്തു.
കാഴ്ചക്കപ്പുറത്തുള്ള
രാത്രി മഴയെ
കേൾക്കുക എന്നത്
അവാച്യമായ അനുഭൂതി
തന്നെ.
പതിയെ
പതിയെ മഴ
തോർന്നു. അവിടവിടെ
തുള്ളികൾ ഇറ്റിറ്റു
വീഴുന്ന ശബ്ദം.
ബാൽക്കണിയിൽ
തൊട്ടടുത്ത് ഒരനക്കം
! ഞാൻ
ജാഗരൂകനായി.
ഏതോ ഒരു
മൃഗത്തിന്റെ ഗന്ധം
തൊട്ടടുത്ത് നിന്നും
വരുന്നു. അനങ്ങാതെ
ചെവിയോർത്തു.
കയ്യോ കാലോ
കുടയുന്ന ശബ്ദം
! രണ്ടും
കല്പിച്ച് റാന്തൽ
കത്തിച്ചു.ഒരു
കുരങ്ങൻ ഇരുന്ന്
മഴയെ പഴിച്ചുകൊണ്ടു
ശരീരം കുടഞ്ഞു
മഴവെള്ളം കളയുന്നു
!!! റാന്തൽ
വീണ്ടും കെടുത്തി
അനങ്ങാതെയിരുന്നു.
കുറച്ചു
നേരം അവിടെയിരുന്നത്തിനു
ശേഷം ഒരുതരം
ശബ്ദമുണ്ടാക്കി
ആ കുരങ്ങൻ
ഏതോ മരച്ചില്ല
തേടി പോയി.
നേരം
വെളുത്തു തുടങ്ങി.
കാടിനകത്തേക്കു
വെളിച്ചം പതിയെ കടന്നു തുടങ്ങി.
കാട് ഇപ്പോഴും
ഈറനണിഞ്ഞു തന്നെ കിടന്നു.
ഇടക്ക്
ഏതെങ്കിലും മരച്ചില്ലകൾ
ഉലയുമ്പോൾ മഴത്തുള്ളികൾ
കൂട്ടത്തോടെ താഴേക്ക് പതിക്കും.
മരച്ചില്ലകളിൽ
വെളിച്ചം തെളിഞ്ഞപ്പോൾ
മനസ്സിലായി -
കുരങ്ങന്മാരുടെ
പണിയാണിത് !
റെഡ് ടൈൽഡ്
മങ്കീസ് (ചുവപ്പു
വാലൻ കുരങ്ങന്മാർ)
ഈ കാട്ടിൽ
ധാരാളം ഉണ്ട്.
ഇതിലൊരുത്തനായിരിക്കും
എന്നെ പേടിപ്പിച്ചത്.
കാടിന്
നടുക്ക് ലോഡ്ജുകാർ ഉണ്ടാക്കിയ
കുളത്തിൽ ചെന്നപ്പോൾ ജിമ്മി
അതിൽ കിടന്നു മറിയുന്നുണ്ടായിരുന്നു.
തലേ ദിവസം
കേട്ട ശബ്ദങ്ങളെ കുറിച്ചും,
ഒറ്റപ്പെട്ട്
ആ രാത്രിയിൽ പേടിച്ചരണ്ട്
ഉറക്കം വരാതെ കിടന്നതിനെക്കുറിച്ചും
അയാൾ സംസാരിച്ചു.
ഉച്ചയോടെ
ഞങ്ങൾ തിരിച്ചു യാത്ര തുടങ്ങി.
എല്ലാ
കാടിറക്കവും വേദനാജനകം തന്നെ.
പക്ഷികൾ
മൗനമായി യാത്രാനുമതി നൽകി.
മരച്ചില്ലകൾ
പതുക്കെയിളകി.
"പിന്നെക്കാണാം
സുഹൃത്തേ"
എന്ന്
പറഞ്ഞത് പോലെ തോന്നി.
തിരിച്ചു
പോരുന്ന വഴി പൊന്തക്കാടിനിടയിൽ
കണ്ട കാട്ടുകറിവേപ്പിന്റെ
രണ്ടിതൾ ഒരോർമ്മക്കെന്നോണം
പറിച്ചു കയ്യിൽ വച്ചു.
കാട്ടുപച്ചകൾ
അവസാനിക്കുമ്പോൾ ഒന്നുകൂടെ
തിരിഞ്ഞു നോക്കി.
'വരൂല്ലോ
ല്ലേ ' എന്ന്
പറയുന്ന പോലെ...
കരിമ്പ്
തോട്ടങ്ങൾ കടന്നു വണ്ടി
നഗരത്തിലേക്ക് പാഞ്ഞു...






Comments
Post a Comment