മഴക്കാട് തേടി
കെനിയയിലെ വരണ്ട സാവന്നയിലൂടെ യാത്ര ചെയ്യുമ്പോളൊക്കെ തൊട്ടടുത്ത രാജ്യമായ ഉഗാണ്ടയിലെ മഴക്കാടുകളെക്കുറിച്ചോർക്കാറുണ്ട് . നൈൽ നദിയും വിക്ടോറിയാ തടാകവും മറ്റനേകം ചെറു തടാകങ്ങളും കരിം പച്ച മഴക്കാടുകളും നിറഞ്ഞ ഒരു കൊച്ചു രാജ്യമാണ് ഉഗാണ്ട . കെനിയയിൽ നിന്നും ഉഗാണ്ടയിലേക്കു സ്വയം പറിച്ചു നടുമ്പോൾ തന്നെ മഴക്കാടുകളിലേക്കുള്ള യാത്ര മനസ്സിൽ കണ്ടിരുന്നു . ഉഗാണ്ടയിൽ വന്നിറങ്ങിയപ്പോൾ ആദ്യം അന്വേഷിച്ചത് മഴക്കാടുകളെ കുറിച്ചാണ് . തലസ്ഥാനമായ കമ്പാലയിൽ നിന്ന് 60 കിലോമീറ്റർ സഞ്ചരിച്ചാൽ ' മബീര ' എന്ന പേരിൽ ഒരു മഴക്കാടുണ്ടെന്നു അറിഞ്ഞു . ഏകദേശം 300 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ( നമ്മുടെ പറമ്പിക്കുളം കാടിനോളം വരും ) ഒറ്റപ്പെട്ടു കിടക്കുന്ന ഒരു പച്ചത്തുരുത്ത് ! അവിടെ താമസിക്കാൻ ഒരു ഇക്കോ ലോഡ്ജ് ഉണ്ടെന്നും അറിഞ്ഞപ്പോൾ പിന്നെ ഒട്ടും വൈകിച്ചില്ല , ആദ്യത്തെ യാത്ര അങ്ങോട്ട് തന്നെ ആക്കാൻ തീരുമാനിച്ചു . മബീര മഴക്കാടിന്റെ ചരിത്രം ചികഞ്ഞപ്പോളാണ് വര്ഷങ്ങള്ക്കു മുമ്പുണ്ടായ പ്രസിദ്ധമായ ഒരു പരിസ്ഥിതി സമരത്തെക്കുറിച്ചറിഞ്ഞത് . ഈ ...