മഞ്ഞുമൂടിയ ഒരു നിശ്ശബ്ദ സായന്തനം - കുടജാദ്രി അനുഭവം
മൂകാംബിക
ദേവിയുടെ കടുത്ത ഉപാസകനായിരുന്ന എന്റെ
സുഹൃത്ത് ഗിരീശൻ ആണ് വർഷങ്ങൾക്ക്
മുമ്പ് കുടജാദ്രിയെ കുറിച്ച് എന്നോട് പറഞ്ഞത്.
കർണാടക സംഗീതം അഭ്യസിച്ചിരുന്ന അയാൾ
സമയം കിട്ടുമ്പോളൊക്കെ ദേവിയുടെ
നടയിൽ പോയിരുന്ന് പാടാറുണ്ട്. ഗിരീശൻ
ഇന്നില്ല. വിജനമായ കർമ്മപഥത്തിലൂടെ അയാൾ
തന്റെ യാത്ര തുടരുന്നു. അവൻ
ഒരിക്കൽ പറയുകയുണ്ടായി : "നിശ്ശബ്ദത എന്താണെന്നറിയണമെങ്കിൽ കുടജാദ്രിയിൽ
പോകണം. നന്നായി ചെവിയോർത്താൽ മഞ്ഞ് പെയ്യുന്ന ശബ്ദം
കേൾക്കാം" ആ വിവരണങ്ങൾ കേട്ടു കേട്ട് ആ സ്ഥലം
ഒരു മായാ പ്രപഞ്ചമായി
തോന്നിയിരുന്നു.
ഏറെ
വായിച്ചും പറഞ്ഞും കേട്ട ഈ
സ്ഥലത്തേക്കൊന്നു പോകണമെന്ന് തീവ്രമായി ആഗ്രഹിച്ചിരുന്നു.
ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു ദിവസം
പെട്ടെന്നുണ്ടായ ഒരു തോന്നലിൽ
കുടജാദ്രിയിലേക്കു യാത്ര പുറപ്പെട്ടു. അതൊരു
മഴക്കാലമായിരുന്നു. അതിരാവിലെ കുന്ദാപുര സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി.
അവിടെ നിന്ന് കുറച്ച് ദൂരമുണ്ട് പ്രധാന പാതയിലേക്ക്. കൊല്ലൂർ ബസ് കിട്ടണമെങ്കിൽ അവിടെ
എത്തണം. ഒരു സംഘം ഓട്ടോക്കാർ പുറകെ വന്നെങ്കിലും,
നടക്കാൻ തീരുമാനിച്ചു. ആ ചെറിയ സ്റ്റേഷന്റെ പരിസരം മുഴുവൻ കാടുപിടിച്ചു കിടന്നു. അല്പം
നടന്നപ്പോൾ ഒരു ചെറിയ പാതയിലെത്തി. ഉൾഗ്രാമങ്ങളിലേക്ക് കടന്നു പോകുന്ന വഴിയാണെന്ന്
തോന്നുന്നു. ഇരുവശവും നെൽപ്പാടങ്ങൾ.. യൗവ്വനയുക്തയായ പുലരി പ്രഭാതത്തിലേക്ക് പതിയെ ചേക്കേറിക്കൊണ്ടിരിക്കുന്നു. റോഡിനിരുവശവുമുള്ള
പുൽച്ചെടികൾക്കു മുകളിൽ മഞ്ഞിന്റെ നേരിയ ആവരണം. നനുത്ത സൂര്യപ്രകാശം കടന്നു വന്നതോടെ
അവ തിളങ്ങാൻ തുടങ്ങി. കുറെ നടന്നപ്പോൾ ഒരു ചെറിയ ചായക്കട കണ്ടു. ഒരു ചായ കുടിക്കാമെന്നു
വച്ച് അങ്ങോട്ട് കയറി. അവിടെ മൂന്നാലു പേര് ഇരുന്ന് കന്നടയിൽ എന്തൊക്കെയോ ചർച്ച ചെയ്യുന്നുണ്ട്,
രാഷ്ട്രീയമാണെന്നു തോന്നുന്നു വിഷയം. എന്നെ കണ്ടതും എല്ലാവരും പെട്ടെന്ന് ചർച്ച നിർത്തി
നോക്കിയെങ്കിലും, വീണ്ടും തുടർന്നു. വായ മുഴുവൻ തുറന്ന് വെളുക്കെ ചിരിക്കുന്ന ഒരു വൃദ്ധനായിരുന്നു
ചായക്കടക്കാരൻ. കാശ് കൊടുത്ത് ഇറങ്ങുമ്പോൾ അറിയാവുന്ന
മുറി കന്നഡ വച്ച്
അയാളോട് ചോദിച്ചു "കൊടചാദ്രി ബസ് സ്റ്റോപ്പ്
ഇല്ലിന്ത് എഷട് ദൂര
?" അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു
"ഒറു പത്ത് മിനിറ്റ് നടന്നാൽ
മതി". വിളറിയ
ചിരിയുമായി ഞാൻ യാത്ര
പറഞ്ഞിറങ്ങി.
കുന്ദാപുരയിൽ
നിന്ന് യാത്ര തുടങ്ങി ഏതാനും കിലോമീറ്റർ പിന്നിട്ടാൽ ഭൂപ്രകൃതിക്ക് ഒരു വനപ്രദേശത്തിന്റെ
മട്ടും ഭാവവുമൊക്കെയാണ്. കാടുകൾക്കിടയിലൂടെ വീതി കുറഞ്ഞ ചില മൺപാതകൾ ഉള്ളിലേക്ക് കടന്നുപോകുന്നത്
കാണാം. ആ പാത തുടങ്ങുന്നിടത്ത് ബസ് നിർത്തുമ്പോൾ ചില ഗ്രാമീണർ ഇറങ്ങി അതിലെ നടന്നു
പോകുന്നു. ഉൾപ്രദേശങ്ങളിൽ എല്ലാം ജനനിബിഡമായ ഗ്രാമങ്ങൾ ഉണ്ടെന്നു തോന്നുന്നു. അവിടെ
ഇറങ്ങി ആ പാതയിലൂടെ നടന്നു പോകാൻ മനസ്സ് വല്ലാതെ വെമ്പിയെങ്കിലും, യാത്ര തുടരാൻ തീരുമാനിച്ചു.
മഴ ഇടവിട്ട് പെയ്തുകൊണ്ടിരുന്നു. കൊല്ലൂർ എത്തിയപ്പോഴേക്കും മഴ തോർന്നിരുന്നു. ഇളം
ചൂടുള്ള വെയിൽ. ക്ഷേത്രത്തിലേക്കു പോകുന്ന വഴിയിൽ
ഉള്ള ഒരു ചെറിയ
ലോഡ്ജിൽ മുറിയെടുത്തു.
വളഞ്ഞ് തുരുമ്പെടുത്ത താക്കോൽ ഇട്ട് വളരെ
കഷ്ടപ്പെട്ടാണ് മുറി തുറന്നത്. മെഡിമിക്സ്
സോപ്പിന്റെ മണമുള്ള ഒരു കൊച്ചു
മുറിയായിരുന്നു അത്... പിന്നിട്ട അനേകം യാത്രകളെ
അത് ഓർമ്മിപ്പിച്ചു. ഇത്തരം
എത്രയോ ഇടത്താവളങ്ങൾ ! സത്യത്തിൽ ജീവിതം തന്നെ
ഒരു ഇടത്താവളം അല്ലെ
? അടച്ചുമൂടി വച്ചിരുന്ന ജനാല തുറക്കാൻ നോക്കി. കുറ്റിക്ക്
നല്ല ബലം, ആരും
അത് തുറക്കാറില്ലെന്നു തോന്നുന്നു.
ബലപ്രയോഗത്തിനു ശേഷം വലിയൊരു ശബ്ദത്തോടെ
അത് തുറന്നു. തണുത്ത
കാറ്റ് അടിച്ചു കയറി. ദൂരെ
കാണുന്ന മലകളുടെ നീല രാശിക്ക്
മുകളിൽ മഴക്കാർ ഉരുണ്ടു കൂടിയിരിക്കുന്നു.
ആ മലനിരകളിൽ ഏതോ
ഒന്നിൽ ആയിരിക്കും കുടജാദ്രി ! കുളിക്കാനായി
സൗപർണ്ണികയിലേക്കു പുറപ്പെട്ടു. രാവിലെ വരെ ഒരു പെരുമഴ പെയ്തതിന്റെ ലക്ഷണം എല്ലായിടത്തും
ഉണ്ടായിരുന്നു. കലങ്ങി
മറിയുന്ന സൗപർണ്ണികയിലേക്കു നോക്കി കുറച്ചു സമയം
നിന്നു. "നല്ല അടിയൊഴുക്കാണ് കുഞ്ഞേ.
ഇറങ്ങുമ്പോൾ സൂക്ഷിക്കണം!" തൊട്ടടുത്ത് നിന്ന് വാത്സല്യപൂർവ്വം ഉള്ള
പറച്ചിൽ കേട്ട് തിരിഞ്ഞു നോക്കി.
മെലിഞ്ഞു നല്ല ഉയരമുള്ള ഒരാൾ.
വീതിയുള്ള നെറ്റിയും നീണ്ട മൂക്കും
നിഷ്കളങ്കമായ ചിരിയും. നരച്ച നീണ്ട
മുടി പുറകിൽ കുടുമ
കെട്ടി വച്ചിരിക്കുന്നു. തോൾഭാഗത്തിനു നല്ല വീതിയുണ്ടായിരുന്ന അദ്ദേഹത്തിന്
ഒരു നർത്തകന്റെ ശരീര
പ്രകൃതി ഉണ്ടായിരുന്നു. കുളി കഴിഞ്ഞ് ഒരു
ഈറൻ കാവി മുണ്ട്
ആണ് അദ്ദേഹം ഉടുത്തിരുന്നത്.
പരിചയപ്പെട്ടപ്പോൾ പേര് പറഞ്ഞു. തൽക്കാലം
അദ്ദേഹത്തെ ഞാൻ ഗുരുജി എന്ന്
വിളിക്കാം. ഗുരു ഗോപിനാഥിന്റെ ശിഷ്യഗണത്തിൽ
ഉണ്ടായിരുന്ന ഒരു നർത്തകനാണെന്നും
മനസ്സിലായി. കൂടുതൽ ചോദിച്ചപ്പോൾ അദ്ദേഹം
ചിരിച്ചുകൊണ്ട് പറഞ്ഞു "കൂടുതൽ പരിചയപ്പെടാൻ ഇനിയും
സമയം ഉണ്ടല്ലോ". അദ്ദേഹം
അടുത്ത് വന്ന് സ്നേഹപൂർവ്വം എന്നോട്
ചോദിച്ചു "നീ എവിടുന്നു
വരുന്നു ?". മലയാളികൾ ഏറെ വരുന്ന
തീർത്ഥാടന കേന്ദ്രമായതിനാലും എന്നെ കണ്ടപ്പോൾ ഒരു
മലയാളിയായി തോന്നിയതിനാലും ആയിരിക്കും മുഖവുരയൊന്നും ഇല്ലാതെ
മലയാളത്തിൽ എന്നോട് സംസാരിച്ചത്. നേരെ
കുടജാദ്രിയിലേക്ക് നടന്നു പോവുകയാണ് ഉദ്ദേശം
എന്ന് പറഞ്ഞപ്പോൾ കുറച്ചു നേരം
എന്റെ മുഖത്തേക്ക് നോക്കി നിന്നിട്ട് അദ്ദേഹം
ഒന്ന് പുഞ്ചിരിച്ചു. "അപ്പോൾ നിനക്ക് മൂകാംബികാ
ദർശനം നടത്തണ്ടേ?" മനസ്സ് കുടജാദ്രിയിൽ ആയതിനാൽ
ദർശനത്തിന് ഞാൻ അത്ര
താല്പര്യം കാണിച്ചില്ല എങ്കിലും അദ്ദേഹം എന്നെ
ക്ഷേത്രത്തിലേക്ക് നിർബന്ധിച്ച് കൂട്ടികൊണ്ടുപോയി. വളരെ കുറച്ച് സമയം
സംസാരിച്ചപ്പോഴേക്കും വല്ലാത്തൊരു അടുപ്പം അദ്ദേഹത്തോട് തോന്നിയിരുന്നു.
തിരിച്ചും അങ്ങനെ തന്നെയാണെന്ന് സംസാരത്തിൽ
നിന്ന് തോന്നി. ചില പരിചയപ്പെടലുകൾ
അങ്ങിനെയാണ് - എപ്പോഴോ വഴി തിരിഞ്ഞു
പോയ പുഴയുടെ രണ്ടു
ശാഖകൾ വീണ്ടും കൂടി ചേരുന്നത്
പോലെ... ക്ഷേത്രത്തിലേക്ക് നടക്കുമ്പോൾ അദ്ദേഹം പറഞ്ഞു : "മഴക്കാലമാണ്.
നീ ആദ്യമായിട്ടല്ലേ കുടജാദ്രിക്കു
നടന്നു പോകുന്നത് ? മഴക്കാറ് മൂടിക്കഴിയുമ്പോൾ കാട്ടിൽ
ഇരുട്ട് കയറും. വഴി തെറ്റാൻ
സാധ്യതയുണ്ട്. ഞാനും കൂടെ വരാം".
ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന്റെ ഹരം
മനസ്സിൽ കയറിയതിനാൽ, അത് കേട്ടപ്പോൾ
ചെറിയൊരു നിരാശ തോന്നി. എങ്കിലും
കൊടും മഴയത്ത് ആ വനത്തിലൂടെ
ഒറ്റക്ക് ആദ്യമായി യാത്ര ചെയ്യുന്നത്
ബുദ്ധി ശൂന്യതയാണെന്നു ആലോചിച്ചപ്പോൾ തോന്നി.
നടന്നു
നടന്നു ഞങ്ങൾ മൂകാംബിക സന്നിധിയിലെത്തി.
വളരെയേറെ വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ
കൽച്ചുവരുകളും പരിസരവും അതിന്റെ പ്രൗഡിയെക്കുറിച്ച്
പറഞ്ഞുകൊണ്ടിരുന്നു. നിർഭാഗ്യവശാൽ ആ ക്ഷേത്രത്തിന്റെ
പുറത്തും അകത്തും നടക്കുന്നത് കച്ചവടം
തന്നെയാണ്. കൂടുതൽ കാശ് കൊടുത്താൽ
ഏറ്റവും അടുത്ത് നിന്ന് തൊഴാം.
ശ്രീ ശങ്കരൻ ഈ
വഴിയൊന്നും ഇനി കടന്നു
വരാൻ ഇടയില്ലാത്തത് എത്ര
നന്നായി ! പൗരോഹിത്യത്തിന്റെയും കച്ചവടത്തിന്റെയും ഇടയിൽ പെട്ട് അദ്ദേഹം
സ്ഥാപിച്ച മഠങ്ങൾ വെറും പണം
പിരിക്കൽ കേന്ദ്രങ്ങൾ ആയി മാറുന്നത്
അദ്ദേഹം അറിയാതിരിക്കട്ടെ ! ഇത്തരം ചിന്തകൾ ഗുരുജിയുമായി
പങ്കുവച്ചപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു
:"നീ അതൊന്നും ശ്രദ്ദിക്കേണ്ട കുഞ്ഞേ,
അവനവനിലേക്ക് കടന്നു ചെല്ലാനുള്ള ഒരു
വാതിലായി മാത്രം ക്ഷേത്രങ്ങളെ കാണുക.
നന്മകൾ കണ്ടെത്താൻ ശ്രമിക്കുക. ലോകത്തെ
മുഴുവൻ സ്നേഹിക്കുക." ഉച്ച കഴിഞ്ഞ് കുടജാദ്രിയിലേക്ക്
പുറപ്പെടാൻ തീരുമാനിച്ചു. എന്നെ വിശ്രമിക്കാനായി മുറിയിലേക്ക്
വിട്ടിട്ട് ഗുരുജി പോയി. അദ്ദേഹം
താമസിക്കുന്നയിടം കൃത്യമായി പറഞ്ഞു തന്നിരുന്നു.
ഉച്ച കഴിഞ്ഞ് വീട്ടിലേക്ക്
ചെന്നാൽ മതിയെന്നും അവിടെ നിന്ന്
യാത്ര പുറപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. തിരിച്ച്
ലോഡ്ജിലേക്ക് നടക്കുമ്പോൾ രണ്ടു മൂന്നു ജീപ്പ്
ഡ്രൈവർമാർ അടുത്ത് വന്ന് 'കൊടചാദ്രി'യിലേക്ക് ജീപ്പിൽ വരുന്നോ
എന്ന് ചോദിച്ചു. അവിടെയുള്ളവർ അങ്ങിനെയാണ്
ആ സ്ഥലത്തിന്റെ വിശേഷിപ്പിക്കാറ്.
ഞാൻ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി.
വഴിയുടെ ഇരു വശങ്ങളിലും
പലതരം പീടികകൾ. കളിപ്പാട്ടങ്ങൾ, തുണികൾ,
ആഭരണങ്ങൾ അങ്ങനെ പലതും വിൽക്കുന്ന
കടകൾ ! എല്ലാത്തിലും ജനങ്ങളുടെ തിരക്ക്. തീർത്ഥാടനം
എന്ന വാക്ക് അതിന്റെ
ശരിയായ അന്തരാർത്ഥം തേഞ്ഞ്, ഒരു കുറ്റിച്ചെരുപ്പു
പോലെയായി മാറിയിരിക്കുന്നു. ഇതൊന്നും ഇല്ലാതെ സർവ്വപരിത്യാഗിയായിട്ടുള്ള
ഒരു യാത്ര എത്ര
മനോഹരം ആണ് ! ഓരോ യാത്രയും
അവനവനിലേക്കുള്ള തീർത്ഥാടനമല്ലേ ? വഴിയോര കച്ചവടങ്ങളിൽ നിന്നൊക്കെ
അകന്ന്മാറി കുടജാദ്രിയുടെ നിശബ്ദതയിൽ അലിയാൻ മനസ്സ്
കൊതിച്ചു.
ഉച്ച
തിരിഞ്ഞപ്പോൾ ഗുരുജി താമസിക്കുന്ന സ്ഥലം
തിരഞ്ഞു കണ്ടു പിടിച്ചു. ക്ഷേത്രത്തിന്റെ
പുറകുവശത്തായി ഒരു ഇടവഴി
ഉണ്ട്. അത് നീണ്ടു
വളഞ്ഞു ഒരു കുന്നിൻ
ചരിവിലേക്കാണ് പോകുന്നത്. ആ കുന്നു
പകുതിയോളം കയറിക്കഴിയുമ്പോൾ നിറയെ മരങ്ങൾ ഒക്കെയുള്ള
ഒരു പറമ്പ് വേലികെട്ടി
തിരിച്ചിരിക്കുന്നു. അതിന്റെ നടുക്കുള്ള ഒരു
ചെറിയ ഓട്ടുപുരയിലാണ് അദ്ദേഹം താമസിക്കുന്നത്. ചെന്ന്
കയറിയപ്പോൾ ഗുരുജി ഒരു ചാരുകസാരയിൽ
വിശ്രമിക്കുകയായിരുന്നു. എന്നെ കണ്ട പാടെ
പോകാനുള്ള ഒരുക്കങ്ങൾ കൂട്ടി . ഒരു
തോൾ സഞ്ചിയിൽ ഒരു
ജോഡി വസ്ത്രം, കുറച്ചു
അവിൽ, കർപ്പൂരം, രണ്ടു കഷ്ണം
പുകയില എന്നിവ കരുതി. പുകയില
എന്തിനാണെന്ന് ആലോചിച്ചുകൊണ്ടിരുന്ന എന്റെ മുഖം കണ്ടു
അത് മനസ്സിലാക്കി അദ്ദേഹം
ചിരിച്ചുകൊണ്ട് പറഞ്ഞു :"ഇത് അട്ടയെ
എടുത്തു കളയാനുള്ളതാ. വഴിയിൽ നിറയെ അട്ട
കാണും".
അദ്ദേഹം
എന്നോട് തുടർച്ചയായി സംസാരിച്ചുകൊണ്ടേയിരുന്നു. ക്ഷേത്രത്തിലെ ഭാരവാഹികൾ അദ്ദേഹത്തെ
സംശയപൂർവ്വം വീക്ഷിക്കുന്നത്, ചില മനുഷ്യരുടെ അല്പത്തം, തന്റെ നാട്ടുകാരനായ ഒരാളെ കണ്ടപ്പോൾ
ഒഴിഞ്ഞു മാറി നടന്നത്, സൗജന്യമായി താമസിക്കാൻ ഒരാൾ കൊടുത്ത കുന്നിൻ മുകളിലുള്ള ആ വീടിനെക്കുറിച്ച്,
അങ്ങനെ പലതും... എന്നോടുള്ള ഒരു നോട്ടത്തിൽ പോലും വാത്സല്യത്തിന്റെ പെരുമഴ ഉള്ളതായി
എനിക്ക് തോന്നി. അതിന്റെ കാരണം സത്യത്തിൽ മനസ്സിലായില്ല. അല്ലെങ്കിലും എല്ലാ കാര്യങ്ങളും
പിടികിട്ടണമെന്നും ഇല്ലല്ലോ. സാധനങ്ങൾ എടുത്തുവെക്കുന്നതിനിടയിൽ
അദ്ദേഹം ഒരു ഇരുമ്പു
പെട്ടി തുറന്നു. ഇരുന്നു പഴകിയ
ഒരു ഗന്ധം അതിനുള്ളിൽ
നിന്നും പുറത്തു വന്നു. അതിൽ
നിന്നും എടുത്തു കാണിച്ചു തന്ന
വസ്തുക്കൾ കണ്ടു ഞാൻ ഞെട്ടിപ്പോയി
- അദ്ദേഹത്തിന്റെ മകളുടെ ആദ്യത്തെ കൊഴിഞ്ഞ
പല്ല്, അവളുടെ ആദ്യമായി മുറിച്ച
മുടിയുടെ കഷ്ണം, നഖം, അവൾക്കു
ആദ്യമായി വാങ്ങിയ കുഞ്ഞുടുപ്പ് ഇങ്ങനെ
എന്തൊക്കെയോ. ഗുരുജി ഓരോന്നായി എടുത്ത്
കാണിച്ചു തന്ന് ഓരോന്നുമായി ബന്ധപ്പെട്ട
പഴയ സംഭവങ്ങൾ പറഞ്ഞു.
അദ്ദേഹം വികാരപരവശതയോടെ ഓരോന്നും തിരിച്ചു വച്ചു.
ആ കണ്ണുകളിൽ കണ്ട
തിളക്കം കണ്ണീരാണെന്നു മനസ്സിലാക്കാൻ എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല.
ആരാണീ മനുഷ്യൻ ? എന്തിനാണിയാൾ ഒറ്റക്കീ
മലയിടുക്കിൽ വന്നു സംന്യാസ തുല്യമായ
ജീവിതം നയിക്കുന്നത് ? സംന്യാസം എന്ന് പറയാൻ
പറ്റില്ല. കാരണം ഗൃഹസ്ഥാശ്രമത്തിലെ ബന്ധങ്ങളുടെ
ചരട് ഇപ്പോഴും അയാളെ
ചുറ്റിപ്പിണഞ്ഞിരിക്കുന്നു ! നഷ്ടങ്ങളുടെ ഉമിത്തീ അയാളെ ഇപ്പോഴും
നീറ്റിക്കൊണ്ടിരിക്കുന്നു. ആ മനുഷ്യനെ
കുറിച്ച് മനസ്സിലാക്കാൻ എനിക്ക് പിന്നെയും കാത്തിരിക്കേണ്ടി
വന്നു.
ഞങ്ങൾ
യാത്ര തുടങ്ങി. ഷിമോഗയിലേക്കു പോകുന്ന
ഒരു ബസ്സിൽ കയറി
'കാരിക്കാട്ട്' എന്ന ഒരു സ്ഥലത്തിറങ്ങി.
അവിടന്നാണ് നടന്നു തുടങ്ങേണ്ടത്. വലതുവശത്തായി
ഒരു ചെറിയ ഇടവഴി
കാട്ടിനകത്തേക്കു കയറി പോകുന്നു. അതിലെ
നടന്നു തുടങ്ങി. ഗുരുജി വളരെ
വേഗത്തിലാണ് നടക്കുന്നത്. ഞാൻ പുറകെയെത്താൻ
പാടുപെട്ടു. തുടർച്ചയായി പെയ്ത മഴ കാരണം
വഴി നിറയെ ചെളിയായിരുന്നു.
കൊഴിഞ്ഞു വീണു കിടക്കുന്ന ഇലപ്പുതപ്പ്
ചെളിയുമായി കുഴഞ്ഞിരിക്കുന്നു. അട്ടക്കുട്ടന്മാരെ കണ്ടു തുടങ്ങി. അവ
ഞങ്ങളുടെ കാലുകളിലേക്കു വലിഞ്ഞു കയറി സ്നേഹപൂർവ്വം
ഞങ്ങളുടെ രക്തം പരിശോധിക്കാൻ തുടങ്ങി
! പഴയ പല വനയാത്രകളിലും
ഇവയുടെ കടി കിട്ടാറുള്ളത്
കൊണ്ട് ഇത് ഒരു
പ്രശ്നമായി തോന്നിയില്ല. വര്ഷങ്ങള്ക്കു മുമ്പ്, പീച്ചിയിൽ നിന്നും ചിമ്മിനിയിലേക്കുള്ള യാത്രയിൽ,
ഇടതൂർന്ന ഒരു നിത്യ
ഹരിത വനത്തിലൂടെ നടന്നു
പോയപ്പോൾ ഒരു പാമ്പിനെ
കണ്ടു പെട്ടെന്ന് ചാടി, ചെന്ന്
വീണത് അട്ടകളുടെ ഒരു കൂമ്പാരത്തിലേക്കായിരുന്നു. അന്ന് ദേഹം മുഴുവൻ
അവയുടെ കടിയേറ്റിരുന്നു. ഓർമ്മകളിൽ നിന്ന് തിരിച്ചു
വന്നപ്പോഴേക്കും ഗുരുജി ഏറെ മുമ്പിൽ
എത്തിയിരുന്നു. കുറെ നടന്നു കഴിഞ്ഞപ്പോൾ
ഒരു തുറസ്സായ ഒരു
പുൽ മൈതാനത്തിൽ കാട്
അവസാനിച്ചു. ആ തുറസ്സിൽ
ഒരു മരം ഒറ്റപ്പെട്ടു
ഒരു ബോധിവൃക്ഷം പോലെ
നിൽപ്പുണ്ടായിരുന്നു. ഒരു വശത്തായി
ചെറിയ ഒരു ഒറ്റമുറി
വിദ്യാലയം. അടുത്തെവിടെയോ ഒരു ആദിവാസി
ഊര് ഉണ്ടെന്നു മനസ്സിലായി.
ആ പുൽമൈതാനം കടന്നപ്പോൾ
ഒരു ചെറിയ ഓട്ടുപുര
! "ഒന്ന് വിശ്രമിച്ചിട്ടു നടക്കാം" എന്ന് പറഞ്ഞു ഗുരുജി
അതിനകത്തേക്കു കയറി. അതിനു മുൻവശത്തായി
'ഹോട്ടൽ സന്തോഷ്' എന്ന ബോർഡ്
ഇംഗ്ളീഷിലും മലയാളത്തിലും കന്നടയിലും എഴുതി വച്ചിരിക്കുന്നു.
അതിനു മുൻവശത്തായി വാഴയും ചില പച്ചക്കറികളും
കൃഷി ചെയ്തിരിക്കുന്നു. മലയാളിയായ
തങ്കപ്പേട്ടനും കുടുംബവും ആണ് അവിടെ
താമസിക്കുന്നത്.. അദ്ദേഹത്തിന്റെ
അച്ഛന് വളരെ പണ്ട് പതിച്ചു കൊടുത്തതാണ്
ആ സ്ഥലം. പന്നികൾ
കൃഷി നശിപ്പിക്കുന്നതിനെക്കുറിച്ചും പുലി ശല്യത്തെക്കുറിച്ചും
തങ്കപ്പേട്ടൻ പറഞ്ഞു. അയാളുടെ മൂന്നു
നായ്ക്കളിൽ ഒന്നിനെ കഴിഞ്ഞയാഴ്ച പുലി
പിടിച്ചുവത്രെ ! അവിടെ വിളഞ്ഞ പൂവൻ
പഴവും ചായയും കഴിച്ച് ഞങ്ങൾ
യാത്ര തുടർന്നു. കനത്ത ഒരു
മഴക്കുള്ള ലക്ഷണം മാനത്ത് കണ്ടത്
കൊണ്ട് യാത്രയെ തങ്കപ്പേട്ടൻ നിരുത്സാഹപ്പെടുത്തി.
എങ്കിലും ഞങ്ങൾ യാത്ര തുടരാൻ
തന്നെ തീരുമാനിച്ചു.
അവിടന്നങ്ങോട്ട്
ചെങ്കുത്തായ കയറ്റമായിരുന്നു. ഓരോ അടി
വക്കുമ്പോഴും അട്ടകൾ ഞങ്ങളെ കാത്തിരുന്നു.
ഏകദേശം ഒരു കിലോമീറ്റർ
കയറിയപ്പോളേക്കും മഴയുടെ ഇരമ്പൽ കേട്ടു.
ഗുരുജിയുടെ തുണിസഞ്ചി, കയ്യിൽ കരുതിയിരുന്ന
പ്ലാസ്റ്റിക് ബാഗിലേക്കു മാറ്റി. എന്റെ
ബാക്-പാക് ബാഗ്
ശരിയായിട്ടു അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. നിമിഷങ്ങൾക്കുള്ളിൽ ആർത്തലച്ചു മഴ പെയ്തു.
ഞങ്ങൾ മഴയിലേക്ക് പെയ്തിറങ്ങി. ആ
മഴ ഞങ്ങളെയും കാടിനേയും
ഒരുമിച്ചു പുണർന്നു. പലയിടത്തുനിന്നും ചെറിയ
നീർച്ചാലുകൾ ഒഴുകിയിറങ്ങി. ഒരു ചോലവനത്തിൽ
നിന്നും ചെറിയ ഒരു തുറസ്സിലേക്കെത്തിയപ്പോൾ
കാട്ടുനായ്ക്കളുടെ ഒരു കൂട്ടം
കടന്നുപോയി. മഴ കാരണമായിരിക്കും
അവക്ക് ഞങ്ങളെ കണ്ട ഭാവം
പോലുമില്ല. ഒരു മല
കയറി കുറച്ചിറങ്ങി കഴിഞ്ഞാൽ
അടുത്ത മലയിലേക്കുള്ള ഇടനാഴിയാണ്. ഇത്തരം ഇടനാഴികൾ മുഴുവൻ പുൽമേടുകൾ ആണ്.
അവിടെ എത്തിയപ്പോളേക്കും മഴ തീർത്തും
ശമിച്ചിരുന്നു. അവിടന്നങ്ങോട്ട് മഴയുടെ ചെറിയ ലാഞ്ചന പോലുമില്ല! ചില
ഭാഗങ്ങളിൽ ചെറുതായി കോടമഞ്ഞിറങ്ങിയിരിക്കുന്നു. ഞങ്ങൾ നടന്നുപോയിക്കൊണ്ടിരുന്നത്
ഒരു മലയുടെ ഓരത്തുകൂടെയായിരുന്നു.
ഒരുവശത്ത് മനോഹരമായ പുൽമേട്, മറുവശത്ത്
അഗാധമായ താഴ്വര. താഴെയായി അവിടവിടെ
മേഘങ്ങൾ ആ താഴ്വരയെ
ആവരണം ചെയ്തിരിക്കുന്നു. പലയിടത്തും കോട അഗാധമായ
താഴ്വരയെ മറച്ചിരുന്നു. മഹാഭാരതത്തിൽ പാണ്ഡവരുടെ സ്വർഗ്ഗാരോഹണത്തിൽ വിവരിക്കുന്ന
പാതയെ അനുസ്മരിപ്പിച്ചു അത്. മഞ്ഞിലേക്കു കയറിപ്പോകുന്ന
അനന്തമായ നടപ്പാത ! ഇടക്ക് ഞങ്ങൾ
കണ്ണടച്ച് നിന്ന് ആ നിശ്ശബ്ദതയെ
നുകർന്നു... അട്ടകളുടെ ആക്രമണം കൂടിയപ്പോൾ
വീണ്ടും നടന്നു. ആ പുൽമേട്
കയറിക്കഴിഞ്ഞപ്പോൾ ഒരു പാറ
കണ്ടു. അവിടെ കയറിയിരുന്നു കുറച്ചു
നേരം വിശ്രമിക്കാമെന്നു ഗുരുജി
പറഞ്ഞു. അവിടെയിരുന്നു ഞങ്ങൾ സഞ്ചിയിൽ കരുതിയിരുന്ന
അവിൽ കഴിച്ചു. അവിടെ
വച്ച് അദ്ദേഹം തന്റെ കഥ
പറഞ്ഞു. ബാംഗ്ളൂരിലും തിരുവനന്തപുരത്തും അദ്ദേഹം നൃത്തവിദ്യാലയങ്ങൾ നടത്തിയിരുന്നു.
ബാംഗളൂരിൽ വച്ച് അദ്ദേഹത്തിന് തുടർച്ചയായി
വയറുവേദന വന്നു. ജനിതക യാത്രയിൽ
എവിടെയോ വച്ച് വഴിതെറ്റിയ കുറെ
കോശങ്ങൾ വ്രണങ്ങളായി അദ്ദേഹത്തിന്റെ വയറിൽ കൂടു കൂട്ടിയിരുന്നു.
അവ പെറ്റു പെരുകി.
അവയുടെ അടങ്ങാത്ത കുസൃതി ബയോപ്സി
എന്ന വിളിപ്പേരിലുള്ള മാർഗ്ഗത്തിലൂടെ
മനസ്സിലാക്കിയപ്പോളേക്കും ഗുരുജി ആരോടും പറയാതെ
ഇറങ്ങി പുറപ്പെട്ടു. ശിഷ്ട ജീവിതം മൂകാംബികാ
സന്നിധിയിൽ ജീവിക്കാൻ അദ്ദേഹം തീരുമാനിച്ചു.
രണ്ടു നേരവും ദേവിയുടെ പ്രസാദം
മാത്രം ഭക്ഷിച്ചും എല്ലാ ദിവസവും
കുടജാദ്രിയിൽ കയറിയിറങ്ങിയും ജീവിതം തള്ളിനീക്കി. വീടുവിട്ടിറങ്ങുമ്പോൾ
ആകെക്കൂടെ എടുത്തത് ഒരു ഇരുമ്പുപെട്ടിയായിരുന്നു.
അതിലെ ശേഖരങ്ങളായിരുന്നു ഞാൻ നേരത്തെ
കണ്ടത്. അത് ഇടക്കിടെ
തുറന്നു വച്ചു അദ്ദേഹം പഴയ
ജീവിതം ഓർക്കും. ഇവിടെ വന്നതിനു
ശേഷം വയറിലെ വ്രണത്തെക്കുറിച്ച്
അദ്ദേഹം ഓർക്കാറേയില്ല എന്ന് പറഞ്ഞു. എല്ലാ
ദിവസവും കുടജാദ്രിയിലേക്കു നടന്നു പോകാറുണ്ടെന്നറിഞ്ഞപ്പോൾ ഞാൻ അത്ഭുതത്തോടെ
ആ മനുഷ്യനെ നോക്കി. എല്ലാ വിധ സുഖ
സൗകര്യങ്ങളോടു കൂടി ജീവിതത്തിന്റെ വെള്ളി
വെളിച്ചത്തിൽ നിന്നിരുന്ന ആൾ ! ലോകം മുഴുവൻ
നൃത്തപരിപാടിയുമായി കറങ്ങിയിരുന്ന അദ്ദേഹം ഇപ്പോൾ ഈ
മലമുകളിൽ ഈയുള്ളവന്റെ അരികിൽ ഇരുന്നു ഒരു
പിടി അവിൽ തിന്നുന്നു.
നളിനി
ദളഗത ജലമതി തരളം
തത്വം
ജീവിതം അതിശയ ചപലം !
ഞങ്ങൾ
വീണ്ടും യാത്ര തുടർന്നു. സന്ധ്യയ്ക്കു
മുമ്പ് കുടജാദ്രിയിലെത്തി. നാല് ഭാഗങ്ങളാണ് പ്രധാനമായും
കുടജാദ്രിയിൽ ഉള്ളത്. ആദ്യത്തേത് ചെന്ന്
കയറുന്ന ഇടം. അവിടെ ഒന്ന്
രണ്ടു ക്ഷേത്രങ്ങളും പഴയ ഒരു
ഇരുമ്പു ശൂലവും ചെറിയ ഒരു
കുളവുമുണ്ട്. രണ്ടു കെട്ടിടങ്ങളിൽ ഒന്നിൽ
പൂജാരിയും മറ്റേതിൽ ഒരു കുടുംബവും
താമസിക്കുന്നു. രണ്ടാമത്തേത് ശങ്കരപീഠത്തിലേക്കു കയറുന്ന വഴിക്കുള്ള ഗണപതി
ഗുഹയാണ്. പിന്നീട് ശങ്കര പീഠവും
അവിടന്ന് താഴോട്ടിറങ്ങിയിട്ടുള്ള ചിത്ര മൂലയും. ഞങ്ങൾ
ക്ഷേത്രത്തിനടുത്തുള്ള സരസ്വതിയക്കയുടെ വീട്ടിൽ കയറി. അവരും
മക്കളും അവരുടെ ഭാര്യമാരും മാത്രമാണ്
അവിടെ താമസം. വീടിനോടു ചേർന്ന്
ഒരു ചെറിയ ഭക്ഷണശാലയുമുണ്ട്.
കുടുംബമായിട്ടു വരുന്നവരെയോ പരിചയക്കാരെയോ മാത്രമേ അവർ അവിടെ
താമസിപ്പിക്കാറുള്ളൂ. ഗുരുജിയെ അവർക്കു നല്ല
പരിചയമുള്ളതുകൊണ്ടു അവിടെ രാത്രി തങ്ങാൻ
കഴിഞ്ഞു. ഞങ്ങൾ അവിടെയിരുന്ന് ഒരു
കട്ടൻ ചായ കുടിച്ചു.
സന്ധ്യ മയങ്ങി തുടങ്ങിയിരുന്നു. കോടമഞ്ഞ്
കാഴ്ചയെ മറച്ചു തുടങ്ങി. ആ
നിശ്ശബ്ദതയിൽ സരസ്വതി അക്കയുടെയും മക്കളുടെയും
ശബ്ദം മാത്രം ഇടക്കിടെ ഉയർന്നു
കേട്ടു. ഞാൻ ഇറങ്ങി
നടക്കാൻ തീരുമാനിച്ചു. അവിടന്ന് ശങ്കര പീഠത്തിലേക്കു
മൂന്നു കിലോമീറ്ററോളം കയറണം. ഗുരുജി ആ
നേരത്തുള്ള യാത്രയെ നിരുത്സാഹപ്പെടുത്തി, രാവിലെ
പോകാം എന്ന് പറഞ്ഞു. പക്ഷെ
എനിക്ക് പോകാതെ നിർവ്വാഹമില്ലായിരുന്നു. എന്തോ ഒരു
ആകർഷണം ! പോകൂ എന്ന് മനസ്സ് നിർബന്ധിക്കുന്നു.
! ഞാൻ ഇറങ്ങി നടന്നു. പകുതിയോളം
കയറിയപ്പോൾ വഴി ഒരു
മലമടക്കിലേക്കു കയറി, ഒരാൾക്ക് മാത്രം
നടക്കാൻ ഉള്ള വീതിയേ മല വെട്ടിയുണ്ടാക്കിയ ആ ചെറിയ നടപ്പാതയ്ക്കുള്ളൂ.
ഒരു വശത്തു മഞ്ഞിന്റെ
ഇളം നീല നിറം.
അതിനപ്പുറം അഗാധമായ കൊക്കയാണെന്നു മനസ്സിലായി.
ഇടക്കുള്ള കാറ്റിൽ കോടമഞ്ഞു പതിയെ
ഒഴിയും. അപ്പോൾ അങ്ങ് ദൂരെ
അഗാധതയിൽ കാടിന്റെ കരിം പച്ച
നിറം ! കുറച്ച് നേരം അവിടെ
കണ്ണടച്ച് ഇരുന്നു. പണ്ട് ഗിരീശൻ
പറഞ്ഞത് എത്ര ശരി ! സമ്പൂർണ്ണ
നിശബ്ദത ! നിശബ്ദതയ്ക്കു ഇത്ര മാത്രം നിഗൂഢമാവാൻ
പറ്റും എന്നത് ഒരു പുതിയ
അറിവായിരുന്നു.. ഇടക്ക് ആരോ കാതിൽ
വന്നു ഊതുന്ന പോലെ... കോടമഞ്ഞും
വഹിച്ചു കൊണ്ട് പോകുന്ന കാറ്റിന്റെ
ശബ്ദം ! എവിടെയാണ് ഇരിക്കുന്നതെന്നോ എത്ര
നേരം ഇരുന്നെന്നോ മറന്നു
പോയി... ആ ധ്യാനാവസ്ഥയിൽ
എപ്പോഴോ മനസ്സിലായി, കണ്ണുകൾ നിറഞ്ഞൊഴുകുന്നു ! നിർവ്വചിക്കാൻ
പറ്റാത്ത അനുഭൂതി. ആ പ്രപഞ്ചത്തിൽ
ലയിച്ച് ചേരാൻ തോന്നി.
പണ്ടെന്നോ
ഒരു കാടുകയറ്റത്തിനിടയിൽ സുഹൃത്തായ
കുട്ടേട്ടനോട് ചോദിച്ചു "മരണത്തോടെ ഈ ലോകമെല്ലാം
നമ്മളിൽ ഇല്ലാതാവുമല്ലേ ? സങ്കടം തന്നെ അത്".
കുട്ടേട്ടൻ അന്ന് മറുപടിയായി പറഞ്ഞു
"എന്തിനാണ് സങ്കടപ്പെടുന്നത് ? മരണത്തോടെ നമ്മൾ തന്നെ
ഈ പ്രകൃതിയിൽ ഒരു
അംശമായി മാറുകയല്ലേ ?" ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിയ ഒരു
സംഭാഷണമായിരുന്നു അത്. എത്ര ശരിയാണത്
! ജൈവശാസ്ത്രപരമായി ഊർജ്ജത്തെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ
സാധ്യമല്ല. ഊർജ്ജഅവസ്ഥയുടെ ഒരു മാറ്റം
മാത്രമാണ് നടക്കുന്നത്. അങ്ങിനെയെങ്കിൽ ജീവനെ നിലനിർത്തുന്ന ഊർജ്ജം
മരണശേഷം വിതരണം ചെയ്യപ്പെടുന്നു. പല ഊർജ്ജരൂപത്തിലേക്കും അത് മാറി, മുറിയാത്ത ഊർജ്ജ വ്യവസ്ഥയിലെ
ഒരു കണ്ണിയായി മാറുന്നു.
നിർജ്ജീവമായ ശരീരം പ്രകൃതിയിൽ അലിഞ്ഞ്
പഞ്ച ഭൂതങ്ങളുടെ ഭാഗമായി
മാറുന്നു. രക്തം ഒരു മഴയായി
രൂപാന്തരപ്പെടുന്നു. മാംസം മണ്ണായി മാറി
മരങ്ങളുടെ വേരിലൂടെ ഊർന്നുകയറി പൂക്കളിലൂടെ
സുഗന്ധം പരത്തിയും പഴങ്ങളിലൂടെ മധുരം
പകർന്നും പ്രകൃതിയിൽ നിറയുന്നു. പിന്നെന്തിനാണ്
നമ്മൾ സങ്കടപ്പെടുന്നത് ? ഇതാണ് സത്യം, ബാക്കിയെല്ലാം
ക്ഷണികം മാത്രം - ഒരു സ്വപ്നം
പോലെ. പരസ്പരമുള്ള കലഹം, മത്സരം ഇവയൊക്കെ
ഒരു തമാശ തന്നെ
! എന്തിനു വേണ്ടി ? ഈ യാത്ര
എവിടെ തുടങ്ങുന്നു, എവിടെ അവസാനിക്കുന്നു ? മഹാപ്രപഞ്ചത്തിലെ
ഒരു കണം എന്ന മഹത്തായ
യാഥാർഥ്യം! നഷ്ടങ്ങളും
നേട്ടങ്ങളും എല്ലാം താൽക്കാലികം. അനാദിയും
അനന്തവുമായ യാത്രയിൽ നമ്മൾ ചെറിയ ഇടവഴികളിൽ
വച്ച് പലരെയും കാണുന്നു. പ്രണയിക്കുന്നു,
കലഹിക്കുന്നു...കണ്ടുമറന്നവരെ വീണ്ടും കാണുന്നു....നഷ്ടങ്ങളെ
ഓർത്ത് വിലപിക്കുന്നു... ആരും ആരുടെയും അല്ല
എന്ന് മനസ്സിലാക്കാതെ... ആ മായാ
പ്രപഞ്ചത്തിൽ എത്ര നേരം ഇരുന്നെന്നു
തന്നെ ഓർമ്മയില്ല.
കാത്വം
കോഹം കുത ആയാത
:
കാമേ
ജനനീ കൊമേ താത
:
ഇതി
പരിഭാവയ സർവ്വമ സാരം
വിശ്വം
ത്യാക്ത്വാ സ്വപ്ന വിചാരം (ശങ്കരാചാര്യർ)
(ആരാണ്
നീ ? ആരാണ് ഞാൻ
? എവിടന്നു ഞാൻ വന്നു
? എന്റെ അച്ഛനാര് ? അമ്മയാര് ? ഈ
വിധം അന്വേഷിക്കുക. ലോകത്തിലെ
സകല വിഷമങ്ങളുടെയും മൂല
കാരണം മനസ്സിലാവും. ഇതൊരു സ്വപ്നമാണെന്നും മായയാണെന്നും
മനസ്സിലാവും)
തോളിൽ
ഒരു തണുത്ത സ്പർശം..
ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ഗുരുജിയാണ്.
അദ്ദേഹം എന്നെ തിരിച്ചു സരസ്വതി
അക്കയുടെ വീട്ടിലേക്കു കൂട്ടി കൊണ്ടുപോയി. അവിടെ
എല്ലാവരും വീട്ടിനു മുമ്പിൽ പേടിച്ചിരിക്കുകയാണ്.
ഞാൻ കൊക്കയിൽ വീഴുകയോ
ഏതെങ്കിലും കാട്ടുമൃഗത്തിന്റെ കയ്യിൽ അകപ്പെടുകയോ ചെയ്തു
കാണും എന്ന് അവർ കരുതി
! അവർ ഭക്ഷണവും വിരിക്കാൻ കമ്പിളിയും
തന്നു. കമ്പിളി വിരിച്ചതിനു ശേഷം
ഞാനും ഗുരുജിയും കുറെ നേരം
സംസാരിച്ചിരുന്നു. നേരത്തെ ഉണ്ടായ അനുഭവത്തെ
കുറിച്ച് ഞാൻ അദ്ദേഹത്തോട്
പറഞ്ഞു. വളരെ കൃത്യമായ വിശദീകരണം
ആണ് അതിനു അദ്ദേഹം
തന്നത്. "എല്ലാ മനുഷ്യന്റെയും ഉള്ളിൽ
കൂടിയും കുറഞ്ഞും ഉള്ള അളവിൽ
പ്രകൃതി ഉണ്ട് കുഞ്ഞേ. ചിലർ
അത് മനസ്സിലാക്കുന്നു. ഈ
പ്രകൃതിയിൽ ലയിക്കാൻ കഴിയാത്തതിൽ ഉള്ള
ദുഃഖം അവരുടെ ഉള്ളിൽ ഉറഞ്ഞു
കിടക്കുന്നു. ചില പ്രത്യേക
ഘട്ടത്തിൽ അത് പുറത്തേക്കു
വരുന്നു. അതായിരിക്കാം നിനക്ക് നേരത്തെ ഉണ്ടായ
അനുഭവം". എന്റെ ആശങ്കകളെ ഒരു
വലിയ അളവിൽ അദ്ദേഹം അകറ്റിയതായി തോന്നി.
ആ വിഷയത്തിൽ നിന്നും
എന്നെ മാറ്റാനെന്നോണം എന്നോട് ലക്ഷണ ശാസ്ത്രത്തെ
കുറിച്ചും, വിവിധ തരം നൃത്തരൂപങ്ങളെ കുറിച്ചും, സംഗീതവും
പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സംസാരിച്ചു. ലക്ഷണ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ
അദ്ദേഹം എന്റെ സ്വഭാവത്തെ വിശകലനം
ചെയ്തു. കമ്പിളിയുണ്ടായിട്ടും തണുപ്പിന്റെ പ്രഹരം കൂടി വന്നു.
കാടും മലയും കയറിയിറങ്ങി ഒറ്റപ്പെട്ട
ഗിരിശൃങ്ഗങ്ങളിൽ തപസ്സു ചെയ്തിരുന്ന ശങ്കരാചാര്യരെ
ഓർത്തു ആശ്ചര്യപ്പെട്ടു കിടന്നു. കിഴക്കു നിന്നും മല
കയറി വന്നു ചിത്ര
മൂലയിലെ ഗുഹയിൽ ഇരിക്കുന്ന അദ്ദേഹത്തിന്റെ
ചിത്രം മനസ്സിൽ തെളിഞ്ഞു. ചിത്രമൂലയിൽ നിന്നുള്ള ദൃശ്യം അവാച്യമാണ്, പ്രപഞ്ചം മുഴുവൻ
മുന്നിൽ കാണുന്ന പോലെ ! ചിന്തകൾക്കിടയിൽ
വച്ച് എപ്പോഴോ ഉറങ്ങിപ്പോയി. ഉറക്കമുണർന്നപ്പോൾ കോട തെളിഞ്ഞിരുന്നു.
തലേ ദിവസം കഴിഞ്ഞതെല്ലാം
ഒരു സ്വപ്നം പോലെ
തോന്നി... കണ്ണ് തുറന്നപ്പോൾ ഗുരുജി
മുഖത്തേക്കു നോക്കി പുഞ്ചിരിച്ചു കൊണ്ട്
ഇരിക്കുന്നു... "എല്ലാം ശരിയായോ" എന്ന്
ചോദിച്ചു... എന്താണ് ശരിയാവേണ്ടത് എന്നെനിക്കു
പിടുത്തം കിട്ടിയില്ല. അക്കയുടെ വീടിനു പുറകിലായി ഒരു ചോല പാറപ്പുറത്തുനിന്ന്
ഒഴുകിയിറങ്ങുന്നുണ്ട്. തണുത്തുറഞ്ഞ വെള്ളം ! അതിൽ കുളിച്ച്, ഗുരുജിയോടൊപ്പം
ഒരിക്കൽ കൂടി ശങ്കരപീഠത്തിലേക്ക് പോയി
വന്നു. തലേന്ന് കണ്ട സ്ഥലമേയല്ല.
ഓരോ നിമിഷങ്ങളിലും പ്രകൃതി
മാറിക്കൊണ്ടിരിക്കുന്നു. ഒരു പക്ഷെ
തലേന്ന് ഒറ്റക്കിവിടെ വന്നില്ലായിരുന്നെങ്കിൽ അതെത്ര വലിയ നഷ്ടം
ആയേനെ !



Comments
Post a Comment