മഞ്ഞുമൂടിയ ഒരു നിശ്ശബ്ദ സായന്തനം - കുടജാദ്രി അനുഭവം
മൂകാംബിക ദേവിയുടെ കടുത്ത ഉപാസകനായിരുന്ന എന്റെ സുഹൃത്ത് ഗിരീശൻ ആണ് വർഷങ്ങൾക്ക് മുമ്പ് കുടജാദ്രിയെ കുറിച്ച് എന്നോട് പറഞ്ഞത് . കർണാടക സംഗീതം അഭ്യസിച്ചിരുന്ന അയാൾ സമയം കിട്ടുമ്പോളൊക്കെ ദേവിയുടെ നടയിൽ പോയിരുന്ന് പാടാറുണ്ട് . ഗിരീശൻ ഇന്നില്ല . വിജനമായ കർമ്മപഥത്തിലൂടെ അയാൾ തന്റെ യാത്ര തുടരുന്നു . അവൻ ഒരിക്കൽ പറയുകയുണ്ടായി : " നിശ്ശബ്ദത എന്താണെന്നറിയണമെങ്കിൽ കുടജാദ്രിയിൽ പോകണം . നന്നായി ചെവിയോർത്താൽ മഞ്ഞ് പെയ്യുന്ന ശബ്ദം കേൾക്കാം " ആ വിവരണങ്ങൾ കേട്ടു കേട്ട് ആ സ്ഥലം ഒരു മായാ പ്രപഞ്ചമായി തോന്നിയിരുന്നു . ഏറെ വായിച്ചും പറഞ്ഞും കേട്ട ഈ സ്ഥലത്തേക്കൊന്നു പോകണമെന്ന് തീവ്രമായി ആഗ്രഹിച്ചിരുന്നു . ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒരു ദിവസം പെട്ടെന്നുണ്ടായ ഒരു തോന്നലിൽ കുടജാദ്രിയിലേക്കു യാത്ര പുറപ്പെട്ടു . അതൊരു മഴക്കാലമായിരുന്നു. അതിരാവിലെ കുന്ദാപുര സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി. അവിടെ നിന്ന് കുറച്ച് ദൂരമുണ്ട് പ്രധാന പാതയിലേക്ക്. കൊല്ലൂർ ബസ് കിട്ടണമെങ്കിൽ അവിടെ എത്തണം. ഒരു സംഘം ഓട്ടോക്കാർ പുറകെ വന്നെങ്കിലും, നടക്കാൻ തീരുമാനിച്ചു. ...