കറുപ്പും വെളുപ്പും

  
ആഫ്രിക്കയിലെ കൊടും വനത്തിനകത്തു നിന്ന് തന്നെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ച ഗോത്ര തലവനോട് സായിപ്പ് പറഞ്ഞു "നിങ്ങളുടെ പുറത്തെ കറുപ്പ് പോലെയല്ല, ഉള്ളിൽ നിങ്ങൾ വളരെ നല്ലവരാണ് ..." ഗോത്രത്തലവൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു "ഞങ്ങളുടെ തൊലിയുടെ കറുപ്പ് പോലെ തന്നെ മനസ്സും നല്ലതാണ് സുഹൃത്തേ !" കറുപ്പും വെളുപ്പും പ്രതിനിധാനം ചെയ്യുന്ന വൃത്തികെട്ട അലിഖിത വ്യവസ്ഥയെ മനോഹരമായി ചോദ്യം ചെയ്യുകയായിരുന്നു അയാൾ. 

അമേരിക്കൻ വെളുപ്പിനെ മഹത്വവൽക്കരിക്കുന്ന 'അമേരിക്കൻ റീനയസ്സൻസ്' സ്ഥാപിച്ച ജെയ്ഡ് ടെയ്ലർ അടുത്തിടെ നടത്തിയ പ്രസ്താവന - വെളുപ്പ് ബുദ്ധിയെയും കറുപ്പ് ബുദ്ധിയില്ലായ്മയെയും പ്രതിനിധീകരിക്കുന്നു എന്നായിരുന്നു ! എത്ര മനുഷ്യത്വ ഹീനമായ ചിന്ത... 

പതിനഞ്ചാം നൂറ്റാണ്ടിൽ യൂറോപ്പിൽ നിന്നും കുടിയേറി അവിടെ മുമ്പേ കുടിയേറി പാർത്തിരുന്ന ഗോത്രവർഗക്കാരെ മിസിസിപ്പി നദിക്കപ്പുറത്തേക്കു  തുരത്തി പടുത്തുയർത്തിയ അഹങ്കാരത്തിന്റെ പടു ഗോപുരത്തിൽ ഇരുന്നു അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതം ഉള്ളൂ. അങ്ങിനെ വെളുപ്പ് വെട്ടിപ്പിടിക്കലിന്റെയും (ആകാശത്തിന്റെയും)  കറുപ്പ് കീഴടങ്ങലിന്റെയും വിട്ടുകൊടുക്കലിന്റെയും (ഭൂമിയുടെയും)  നിറമായി മാറുന്നു...

ഇത് അവിടെ മാത്രം ഒതുങ്ങുന്ന ഒരു പ്രശ്നമല്ല. ആഫ്രിക്കയിൽ കുടിയേറി പാർത്ത ഇന്ത്യക്കാർ അവർ തമ്മിലുള്ള സംഭാഷണങ്ങളിൽ ഇവിടുത്തുകാരെ "കാല" (കറുത്തവൻ) എന്നാണു പറയുന്നത്. ഇന്നാട്ടുകാർ വിശാലമായി വിഹരിച്ചിരുന്ന കറുത്ത മണ്ണിൽ ചവിട്ടി കെട്ടിടങ്ങളും ബാങ്ക് ബാലൻസും പടുത്തുയർത്തിയിട്ടാണ് ഇത് പറയുന്നത്.    വെളുപ്പിനോടുള്ള നമ്മുടെ അടിമത്തവും കറുപ്പിനോടുള്ള പുച്ഛവും എന്ന് മാറാൻ ?

ജനിച്ച ദേശം, വർഗ്ഗം, കാലം, നിറം, ജീനുകളുടെ സങ്കലനം ഇതെല്ലാം നമ്മുടെ നിയന്ത്രണത്തിൽ അല്ലെന്നിരിക്കെ, സ്നേഹം, ദയ, സഹാനുഭൂതി, പരസഹായം എന്നിവയിൽ അല്ലെ നമ്മൾ വ്യത്യസ്തരാവേണ്ടത് ?

Comments

Popular posts from this blog

മഞ്ഞുമൂടിയ ഒരു നിശ്ശബ്ദ സായന്തനം - കുടജാദ്രി അനുഭവം

ഉഗാണ്ട ഡയറീസ് - 1

സ്നേഹത്തിന്റെ മുനമ്പുകൾ തേടി