ഉഗാണ്ട ഡയറീസ് - 1

വെൽക്കം ടു ഉഗാണ്ട

ജീവിതം കെനിയയിൽ നിന്ന് ഉഗാണ്ടയിലേക്ക് മാറ്റാനുള്ള തീരുമാനം കൂട്ടുകാരെ അറിയിച്ചപ്പോൾ, പ്രതീക്ഷിച്ച പോലെ ആദ്യം ഒരു പൊട്ടിച്ചിരിയായിരുന്നു. "ഉഗാണ്ടയോ ??" എല്ലാവര്ക്കും അത്ഭുതം. ഏറ്റവും അടുപ്പമുള്ള ഒരു ചങ്ങാതി പറഞ്ഞു "ഞങ്ങളൊക്കെ ഒരു വകക്കും കൊള്ളാത്ത ചിലരെ ചീത്ത വിളിക്കാൻ ഉപയോഗിക്കുന്ന വാക്കാണത് - "നിനക്കൊക്കെ വല്ല ഉഗാണ്ടയിലേക്കും പൊയ്ക്കൂടെടാ" ന്നു. ഈ വാർത്ത പങ്കുവച്ചപ്പോൾ പലരും ചോദിച്ചു "അവിടെയൊക്കെ ജീവിക്കാൻ പറ്റു മോ ?" എന്നാൽ ഈ രാജ്യത്തെ കുറിച്ച് അറിവില്ലാത്തവർക്കുള്ള ആശങ്കകൾ മാത്രമാണ് അത് എന്ന് ഈ കുറിപ്പുകൾ വായിച്ച് കഴിയുമ്പോൾ മനസ്സിലാവും.
കെനിയ, റുവാണ്ട, കോംഗോ, സൗത്ത് സുഡാൻ, ടാൻസാനിയ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന, കിഴക്കൻ ആഫ്രിക്കയിലെ ഒരു കൊച്ചു രാജ്യമാണ് ഉഗാണ്ട. ബ്രിട്ടീഷ് ഭരണകൂടത്തിൽ നിന്നും 1962 ൽ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും തുടർച്ചയായ രാഷ്ട്രീയ അരാജകത്വവും ആഭ്യന്തര കലഹങ്ങളും മൂലം ജനങ്ങൾ പൊരുതി മുട്ടിക്കൊണ്ടിരുന്നു. പട്ടിണിയും, പകർച്ചവ്യാധികളും, വർധിച്ചു വന്ന ശിശുമരണങ്ങളും, ഒന്നും തന്നെ അധികാര യുദ്ധത്തിലേർപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ ശ്രദ്ധയാകർഷിച്ചില്ല. എട്ടു വർഷത്തോളം നീണ്ടു നിന്ന ഈദി അമീന്റെ ഭരണം ഉഗാണ്ടൻ ചരിത്രത്തിലെ കറുത്ത അദ്ധ്യായം ആയിരുന്നു. അമീനെ കുറിച്ച് ധാരാളം കഥകളും അഭ്യൂഹങ്ങളും അന്ന് പ്രചരിച്ചിരുന്നു. അദ്ദേഹം മനുഷ്യ മാംസം ഭക്ഷിച്ചിരുന്നു എന്നായിരുന്നു അതിലൊന്ന്. പണ്ട് ഒരു പത്രപ്രവർത്തകൻ അമീനോട് ചോദിച്ചുവത്രെ "അങ്ങ് മനുഷ്യ മാംസം ഭക്ഷിച്ചിട്ടുണ്ടോ ?". അതിനു അദ്ദേഹം പറഞ്ഞ മറുപടി രസകരമായിരുന്നു : "മനുഷ്യ മാംസം എനിക്ക് ഇഷ്ടമല്ല. അതിനു വല്ലാത്ത ഉപ്പുരസമാണ് !" (ഇതും പ്രചരിച്ചിരുന്ന കഥകളിൽ ഒന്ന് മാത്രം). അങ്ങേയറ്റം ഏകാധിപതിയായിരുന്ന അമീന്റെ ഭരണകാലം അതിക്രൂരമായിരുന്നുവത്രേ. തനിക്കെതിരെ ശബ്ദമുയർത്തുന്നവരെയോ വിയോജിപ്പുള്ളവരെയോ കൊന്നു കളയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇവിടെ കുടിയേറിപ്പാർത്തിരുന്ന ഇന്ത്യൻ സമൂഹം ആ കാലത്ത് നാടുകടത്തപ്പെട്ടു. അമീനെതിരെ വിമോചനപ്പോരാളികളുടെ വിവിധ ഗ്രൂപ്പുകൾ രൂപം കൊണ്ടു. ഇത്തരത്തിലുള്ള, ഗൊറില്ലാപ്പോരാളികൾ അടക്കമുള്ള നാനാവിധ സംഘങ്ങൾ അയൽ രാജ്യമായ ടാൻസാനിയയുമായി ചേർന്ന് അമീനെതിരെ യുദ്ധം ചെയ്യുകയും, തുരത്തിയോടിച്ചു അധികാരം കയ്യടക്കുകയും ചെയ്തു. അമീന്റെ കാലം കഴിഞ്ഞെങ്കിലും രാഷ്ട്രീയ അസ്വാരസ്യങ്ങൾ അവസാനിച്ചില്ല. സമാധാനപരമായ ഒരു ജീവിതത്തിനായി പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു, ഉഗാണ്ടൻ ജനതയ്ക്ക്.

 1986 മുതൽ സ്ഥായിയായ ഒരു ഭരണം ഉഗാണ്ടയിൽ നിലവിൽ വന്നു. ജനങ്ങളുടെ ജീവിത നിലവാരം പതിയെ മെച്ചപ്പെട്ടു. നല്ല വളക്കൂറുള്ള മണ്ണുള്ള ഈ രാജ്യത്ത് കൃഷി വളരെ നന്നായി പുരോഗമിച്ചു. ഇന്നും ഉഗാണ്ടയുടെ മൊത്തവരുമാനത്തിൽ മൂന്നിലൊന്നും കൃഷിയിൽ നിന്നുമാണ്. 1986 ൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട യോവേരി മുസേവനി തന്നെയാണ് ഇപ്പോഴും ഈ രാജ്യത്തിന്റെ പ്രസിഡന്റ്. അദ്ദേഹത്തിന്റെ ഭരണ കാലഘട്ടത്തിലാണ് എടുത്തുപറയത്തക്ക സാമ്പത്തിക വളർച്ച ഈ രാജ്യം കൈവരിച്ചത്. പ്രകൃതി വാതകങ്ങളും പെട്രോളിയവും ഉൾപ്പടെ വളരെയേറെ ധാതുസമ്പന്നമാണ് ഈ രാജ്യം. രണ്ടായിരത്തി ഇരുപത് കഴിഞ്ഞ് ഉഗാണ്ടയിൽ തുടങ്ങാനിരിക്കുന്ന എണ്ണയുടെ വ്യാവസായിക ഉത്പാദനത്തെ വളരെ പ്രതീക്ഷയോടെയാണ് എലാവരും നോക്കികാണുന്നത്. 

മറ്റു ആഫ്രിക്കൻ രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ എല്ലാം കൊണ്ടും സമാധാനപരമായ ഒരു ജീവിതത്തിന് ഏറ്റവും അനുയോജ്യമാണ് ഉഗാണ്ട. കെനിയയിൽ നിന്ന് തിരിച്ച് നാട്ടിലേക്ക് പോയിട്ടാണ് ഉഗാണ്ടയിലേക്കുള്ള കൂടു മാറ്റം ഞങ്ങൾ നടത്തിയത്. ഇവിടേക്കുള്ള വരവ് രസകരമായിരുന്നു. ബോംബെയിൽ നിന്നും നൈറോബി വഴിയുള്ള വിമാനത്തിലായിരുന്നു യാത്ര. നെയ്‌റോബിയിൽ നിന്നും ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലേക്ക് ഫ്ലൈറ്റ് മാറി കയറണം. മാറിക്കയറാൻ ഒരു മണിക്കൂറിൽ താഴെ മാത്രമേ സമയം ഉള്ളൂ. നൈറോബി എയർപോർട്ട് വളരെ ചെറുതായതുകൊണ്ട് അതൊരു പ്രശ്നമേയല്ല. ഫ്ലൈറ്റ് ഇറങ്ങി ട്രാൻസിറ്റ് കൗണ്ടറിൽ എത്തിയപ്പോ തന്നെ കുറച്ചു സമയം പോയി. ഡിപ്പാർച്ചർ പോയിന്റിലേക്കുള്ള നീണ്ട ഇടനാഴിയിലൂടെ ഞങ്ങൾ വലിഞ്ഞ് നടന്നു. ആ സമയത്ത് മറ്റു ഫ്ലൈറ്റുകൾ ഒന്നും ഇല്ലാത്തതുകൊണ്ട് അവിടം ശൂന്യമായിരുന്നു. ഉഗാണ്ടയിലേക്കുള്ള യാത്രക്ക് തന്നെ വിരലിൽ എണ്ണാവുന്നവർ മാത്രമേ ട്രാൻസിറ്റിലുണ്ടായിരുന്നുള്ളൂ ! നടത്തത്തിന്റെ വേഗത കൂടിയപ്പോൾ എനിക്ക് കലശലായ മൂത്ര ശങ്ക. അവിടെ കണ്ട ടോയ്‌ലറ്റ് എന്ന സൈൻ ബോർഡാണോ സാമ്പ്രദായികമായ ശങ്കക്ക് കാരണം എന്നും സംശയമുണ്ട്. ഏതായാലും നീതുവിനെയും കുട്ടികളെയും അടുത്തുകണ്ട ലോബിയിലിരിക്കാൻ പറഞ്ഞയച്ചിട്ട് ഞാൻ അകത്തേക്ക് കയറി. ഒരു ഗുഹയിലേക്ക് കയറുന്ന പോലെയായിരുന്നു മൂത്രപ്പുര. കുറെ അകത്തേക്ക് കയറി ഇടത്തോട്ട് തിരിഞ്ഞ്, വീണ്ടും മുന്നോട്ടു കുറച്ചു നടന്നിട്ടായിരുന്നു ടോയ്‌ലറ്റ്. അവിടെയൊന്നും ഒരു 'ആഫ്രിക്കൻ' ഈച്ച പോലും ഉണ്ടായിരുന്നില്ല. ആദ്യം കണ്ട ക്യാബിനിൽ കയറി ബോൾട്ടിട്ടു. ബോൾട്ട് വീണ ശബ്ദത്തിൽ എന്തോ ഒരു പന്തികേട് തോന്നി. ശങ്ക തീർത്ത് കഴിഞ്ഞ് തുറക്കാൻ ശ്രമിച്ചപ്പോൾ കാര്യം മനസ്സിലായി - പണി കിട്ടിയിരിക്കുന്നു ! എന്തൊക്കെ ചെയ്തിട്ടും ലോക്ക് തുറക്കുന്നില്ല എന്ന് മാത്രമല്ല, അത് കുഴഞ്ഞു മറിഞ്ഞ് ഒരു ഊരാക്കുടുക്കായി മാറി. സമയത്തെക്കുറിച്ച് ആലോചിച്ചപ്പോൾ മേലാസകലം വിയർക്കാൻ തുടങ്ങി. ഒച്ച വച്ചിട്ടൊന്നും ആരും കേൾക്കുന്നില്ല. ഫോണിൽ ആണെങ്കിൽ റോമിങ് ഇല്ലാത്തതുകൊണ്ട് അതും രക്ഷയില്ല. വേറെ ഒന്നും നോക്കാനില്ല - ആരെങ്കിലും വരുന്നത് വരെ കാത്തിരിക്കുക തന്നെ. അടുത്ത ഫ്ലൈറ്റ് എപ്പോഴായിരിക്കും, അതിനെങ്ങനെ ടിക്കറ്റ് എടുക്കും എന്നൊക്കെ ചിന്തിച്ചുകൊണ്ട് ചുവരിൽ ചാരി നിന്നു. പെട്ടെന്നൊരനക്കം ! ആരോ വന്നിരിക്കുന്നു. മോപ് കൊണ്ട് നിലം വൃത്തിയാക്കുന്ന ശബ്ദം കേട്ടപ്പോൾ ക്ലീനിങ് സ്റ്റാഫ് ആണെന്ന് മനസ്സിലായി. ക്ലോസറ്റിന് മുകളിൽ കയറി നിന്ന് വാതിലിനു മുകളിലുള്ള വിടവിലൂടെ തല പുറത്തേക്കിട്ട് കാര്യം പറഞ്ഞു. ആശാൻ വന്നു ഇടത്തോട്ടും വലത്തോട്ടും നാല് തിരിയൊക്കെ തിരിച്ച് ഒന്നും മിണ്ടാതെ ഒറ്റപോക്ക്. സമയമാണെങ്കിൽ പൊയ്ക്കൊണ്ടിരിക്കുന്നു. ഇയാൾക്കെന്തെങ്കിലും പറഞ്ഞിട്ട് പോകാമായിരുന്നില്ലേ ? ആരോടെങ്കിലും പറയാനാണ് അയാൾ പോയതെങ്കിൽ തന്നെ എപ്പോൾ വരാൻ ? ഇവിടെ പൊതുവെ എല്ലാ കാര്യങ്ങൾക്കും ഒരു മെല്ലെപ്പോക്ക് നയമാണല്ലോ. നോക്കുമ്പോൾ ഉണ്ട്, പാവം ഒരു ടെക്‌നീഷ്യനെ കയ്യോടെ പിടികൂടി കൊണ്ടുവരുന്നു. ഞാൻ സമയം നോക്കി, പതിനഞ്ചു മിനിട്ടു കൂടെ ബാക്കിയുണ്ട്! അയാൾ നിഷ്പ്രയാസം വാതിൽ തുറന്നു തന്നു. കുറച്ച് കാശ് അവരുടെ പോക്കറ്റിൽ വച്ച് കൊടുത്ത് നന്ദി പറഞ്ഞിട്ട് ഞാൻ ഇറങ്ങിയോടി. നീതുവിനോട് കാര്യങ്ങൾ വിശദീകരിക്കാനൊന്നും നിൽക്കാതെ ഹാൻഡ് ബാഗേജുകൾ വാരിയെടുത്ത് ബോർഡിങ് ടെർമിനലിലേക്ക് എല്ലാവരെയും വലിച്ചുകൊണ്ടോടി. ഓട്ടത്തിനിടെ നീതു ചോദിച്ചു "എന്താ പറ്റ്യേ ?". ഞാൻ ഓടിക്കൊണ്ട് തന്നെ മറുപടി പറഞ്ഞു "ആദ്യം വണ്ടീ കേറട്ടെ, ന്നട്ട് പറയാം".

 കമ്പാലയിലേക്ക് പോകാൻ തയ്യാറായി കിടക്കുന്ന വളരെ ചെറിയ ഫ്ലൈറ്റ് കണ്ടപ്പോൾ സത്യത്തിൽ പേടി തോന്നി. അതിനകത്തേക്ക് കയറിക്കഴിഞ്ഞപ്പോൾ ആ പേടി ഒന്ന് കൂടെ കൂടി. അത് യാത്രക്കാരെ കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു. മാത്രമല്ല മൈന്റെനൻസ് ഒക്കെ വളരെ മോശമാണെന്ന് അതിന്റെ ഉൾവശം കണ്ടാൽ തന്നെ മനസ്സിലാവും. ഏറ്റവും പുറകിലത്തെ സീറ്റുകളായിരുന്നു ഞങ്ങളുടേത്. ഏതെങ്കിലും നാട്ടിന്പുറത്തേക്കുള്ള KSRTC ബസ്സിലെന്ന പോലെ ചാക്ക് കെട്ടുകളും മറ്റും സീറ്റിനിടയിലും, നടക്കുന്ന വഴിയിലും ഒക്കെ വച്ചിട്ടുണ്ട്. ചില പഴയ തമിഴ് സിനിമയിൽ, ഗ്രാമങ്ങളിൽ സഞ്ചരിക്കുന്ന ചെറിയ ബസ്സുകൾ കാണിക്കാറുണ്ട്, നിറയെ ചാക്കുകൾ, കുടങ്ങൾ, വാഴക്കുലകൾ, പച്ചക്കറി, കോഴികൾ എന്നിവയൊക്കെ കുത്തി നിറച്ച്... അത്രയൊന്നും ഇല്ലെങ്കിലും ആ ഒരു ദൃശ്യം മനസ്സിലേക്ക് വന്നു ഈ കൊച്ച് ഗ്രാമീണ വിമാനം കണ്ടപ്പോൾ ! തടിച്ച ഒരമ്മായി മടിയിൽ സാധനങ്ങൾ കുത്തിനിറച്ച വലിയ ഒരു സഞ്ചി ചേർത്ത് പിടിച്ച് ഇരിക്കുന്നുണ്ട്. സഞ്ചി താഴെ സീറ്റുകൾക്കിടയിലേക്ക് വെക്കാൻ എയർ ഹോസ്റ്റസ് അവരോടു പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ആ ചെറിയ സീറ്റിൽ തന്റെ ശരീരം ഒതുക്കാൻ ബുദ്ധിമുട്ടിയ അവർ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടിരുന്നു. സ്വാഹിലിയിലും മറ്റു ചില ഭാഷകളിലും യാത്രക്കാർ തമ്മിലുള്ള സംസാരം കേൾക്കാം. ഇടക്ക് ആഫ്രിക്കൻ ചുവയുള്ള ഇംഗ്ലീഷും ഉയർന്നു കേൾക്കാം. തൊട്ടു മുമ്പിലെ സീറ്റിൽ ഇരുന്ന കാരണവർ ഒരു കടലാസിൽ ചുരുട്ടി പിടിച്ച് മൻഡാസി തിന്നുന്നു. മൈദ മാവുകൊണ്ടുണ്ടാക്കുന്ന ഒരു തരം പ്രാദേശിക ബ്രെഡ് ആണിത്.

എയർഹോസ്റ്റസ്സുകൾ ആരെയും കൂസാതെ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു കൊണ്ട് നിൽക്കുന്നു. കോക്ക്പിറ്റിൽ നിന്നുള്ള സിഗ്നൽ കിട്ടിയപ്പോൾ അവർ മാസ്കും സേഫ്റ്റി ജാക്കറ്റുകളുമൊക്കെ കാണിച്ച് പതിവ് വഴിപാടു തീർത്തു. വലിയൊരു ഇരമ്പലോടെ എൻജിൻ സ്റ്റാർട്ട് ആയി. പെട്ടെന്നാണ് ഞാൻ അത് ശ്രദ്ധിച്ചത് ! ഞങ്ങൾ ഇരിക്കുന്നതിന്റെ ഇടതു വശത്തായിട്ടായിരുന്നു ഏറ്റവും പുറകിലത്തെ വാതിൽ. അതുണ്ട് തുറന്നു കിടക്കുന്നു ! ഞാൻ കൂവി വിളിച്ച് എയർ ഹോസ്റ്റസ്സിന്റെ ശ്രദ്ധയാകർഷിച്ചു. അവർ വന്നു "സോറേ" എന്ന് പറഞ്ഞു വാതിൽ അടച്ച് തിരികെ പോയി. ടേക്ക് ഓഫിന് മുമ്പ് ഒരു പക്ഷെ അവർ ഇത് ശ്രദ്ധിക്കുമായിരിക്കാം. അതിനകത്തു കയറിയത് മുതൽ ഞങ്ങൾക്കുള്ള ആശങ്കയാണ് തുറന്ന വാതിലുമായി ആ വിമാനം പറന്നെങ്കിലോ എന്ന് തോന്നാൻ കാരണം. ഒരു എയർ ഹോസ്റ്റസ് വന്നു എല്ലാവരും ബെൽറ്റ് കെട്ടിയിട്ടുണ്ടോ എന്ന് നോക്കി ഒരു ഓട്ടപ്രദിക്ഷണം നടത്തി തിരിച്ചു പോയി. വിമാനം റൺവേയിലേക്ക് നിരങ്ങിയെത്തിയതും ടേക്ക് ഓഫിനായുള്ള ഓട്ടം തുടങ്ങിയതും ഒരുമിച്ചായിരുന്നു. തൃശ്ശൂര്കാര് പറയുന്ന പോലെ ഒരു 'എടുക്കാ കുടിക്ക മരിക്കാ' സ്റ്റൈൽ !
വിമാനം ഉയർന്നു പൊങ്ങി. താഴെ നൈറോബി നഗരം ചെറുതായി വന്നു. കുന്നുകളും കാടുകളും കണ്ടു തുടങ്ങി. താമസിയാതെ മേഘങ്ങൾ കാഴ്ചയെ മറച്ചു. ഏകദേശം ഒന്നര മണിക്കൂർ പറക്കാനുള്ള ദൂരമേ നെയ്‌റോബിയിൽ നിന്ന് കമ്പാലയിലേക്കുള്ളൂ. ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും താഴെ അതിവിശാലമായ വിക്ടോറിയ തടാകം കണ്ടു തുടങ്ങി. അവിടവിടെയായി പൊട്ടുകൾ പോലെ അനേകം ചെറുദ്വീപുകൾ...കമ്പാല നഗരത്തിൽ നിന്നും 35 കിലോമീറ്റർ മാറി വിക്ടോറിയ തടാകത്തിനോട് ചേർന്ന് കിടക്കുന്ന എന്റബ്ബേ എന്ന ചെറു പട്ടണത്തിലാണ് എയർപോർട്ട്. റൺവേയും തടാകവുമായി അകലമില്ലാത്തതുകൊണ്ടു ലാൻഡിംഗ് കാഴ്ച അതിമനോഹരമാണ്. നൈറോബി എയർപോർട്ടിനേക്കാൾ ഏറെ ചെറുതാണ് എന്റബെയിലെ ഈ കുഞ്ഞ് എയർ പോർട്ട് എന്ന് പറഞ്ഞാൽ തന്നെ അതിന്റെ വലിപ്പം ആലോചിക്കാമല്ലോ !

 ഫ്ലൈറ്റിൽ നിന്നിറങ്ങി പരിസരമൊക്കെ നിരീക്ഷിച്ച് ഇമ്മിഗ്രേഷൻ കൗണ്ടറിൽ എത്തിയപ്പോഴേക്കും അവിടം കാലിയായിരുന്നു ! യാത്രികരിൽ കൂടുതലും ഈസ്റ്റ് ആഫ്രിക്കകാരായിരുന്നു. അവർക്ക് ഇമ്മിഗ്രേഷൻ ക്ലിയറൻസ് ആവശ്യമില്ല. ആകെ മൂന്നു കൗണ്ടറെ ഉള്ളൂ, അതിൽത്തന്നെ ഒരെണ്ണത്തിൽ ആളില്ല. ഞങ്ങൾ മുന്നോട്ട് ചെന്ന് പാസ്പോർട്ട് കൊടുത്തു. അവിടെയിരുന്ന സ്ത്രീ ഞങ്ങളെ നോക്കി ചിരിച്ച് അഭിവാദ്യം ചെയ്തു. അവർ ഒന്നര വയസ്സുള്ള നിളയോട്‌ എന്തൊക്കെയോ തമാശ പറഞ്ഞു ചിരിക്കാൻ തുടങ്ങി. അവൾ നാണിച്ച് എന്റെ തോളിലേക്ക് ചാഞ്ഞു. ഒരു ഇമ്മിഗ്രേഷൻ കൗണ്ടറിൽ നിന്നും തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇതൊക്കെ. ഇത്തരം ഇടങ്ങളിൽ പൊതുവെ കാണാറുള്ളത് ഗർവ്വും, പുച്ഛവും സംശയത്തോടെയുള്ള നോട്ടങ്ങളും മാത്രമാണ്.


അടുത്തിടെയായിരുന്നു ഉഗാണ്ടയിലെ വിസ അടക്കമുള്ള എല്ലാ ഇമ്മിഗ്രേഷൻ സർവീസുകളും ഓൺലൈൻ ആക്കിയത്. അതുകൊണ്ടാണെന്നു തോന്നുന്നു അവർ അടുത്തിരുന്ന ഉദ്യോഗസ്ഥയോടു സംശയങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു. കുറെ നേരം കാത്ത് നിന്ന് കഴിഞ്ഞപ്പോൾ പാസ്പോർട്ട് തിരികെ തന്ന് ഞങ്ങളെ സ്വാഗതം ചെയ്തു. നേരം വൈകിച്ചതിൽ അവർ പലവട്ടം ക്ഷെമ പറഞ്ഞു.


ആറ് വലിയ സൂട്ക്കേസുകൾ ചെക്കിൻ ബാഗേജായി ഞങ്ങൾ അയച്ചിട്ടുണ്ടായിരുന്നു. പറ്റാവുന്നത്ര നിത്യോപയോഗ സാധനങ്ങൾ നാട്ടിൽ നിന്നും കൊണ്ടുപോയിരുന്നു. ബാഗേജ് എടുക്കുന്നിടത്ത് കുറെ നേരം കാത്ത് നിന്നിട്ടും രണ്ടു സൂട്ക്കേസ് കിട്ടിയില്ല. അതിലൊന്ന് പെട്ടെന്ന് തിരിച്ചറിയാവുന്ന കടും ഫ്ലൂറസെന്റ് നീല നിറത്തിലുള്ളതായിരുന്നു. നൈറോബി എയർപോർട്ടിൽ ഫ്‌ളൈറ്റിലിരിക്കുമ്പോൾ ലഗേജുകൾ കൊണ്ടുപോകുന്ന കൺവെയർ വണ്ടിയിൽ ആ നീല പെട്ടി പോകുന്ന കണ്ടു എന്ന് പെട്ടെന്ന് ഓർത്തു കൊണ്ട് നീതു പറഞ്ഞു. ഞങ്ങൾ ഇരുന്ന വിമാനത്തിൽ അത് കയറ്റുമെന്നാണ് കരുതിയത്. പക്ഷെ അത് വേറെ എവിടെയോ എത്തിയിരിക്കുന്നു. ക്‌ളെയിംസ് വിഭാഗത്തിൽ പോയി വിവരങ്ങൾ എഴുതി കൊടുത്തു. പെട്ടികൾ നെയ്‌റോബിയിൽ ഉണ്ട്, രണ്ടു ദിവസത്തിനകം എത്തിക്കാമെന്ന് അവർ ഉറപ്പു തന്നു.

ഒറ്റപ്പാലമോ പുതുക്കാടോ പോലെയുള്ള ഒരു ചെറിയ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയാലുള്ള ഒരു അവസ്ഥയായിരുന്നു ആ എയർപോർട്ട് അനുഭവം ഞങ്ങൾക്ക് സമ്മാനിച്ചത്. അങ്ങനെ സംഭവ ബഹുലമായ ഒരു യാത്രക്ക് ശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി. ഞങ്ങളെ കൂട്ടികൊണ്ടു പോകാൻ ഓഫീസിൽ നിന്നയച്ച ആൾ പ്ലക്കാർഡുമായി കാത്തുനിൽപ്പുണ്ടായിരുന്നു. താത്കാലിക ഫോൺ ഉപയോഗത്തിനായി റീചാർജ് ചെയ്ത ഒരു സിം അയാൾ എനിക്ക് തന്നു. എത്ര ഷില്ലിങ്ങിന് ചാർജ് ചെയ്തിട്ടുണ്ടെന്നു എന്റെ ചോദ്യത്തിന് മറുപടിയായി "പതിനായിരം ഷില്ലിംഗ്" എന്നയാൾ പറഞ്ഞു. ഉഗാണ്ടയിലെ കറൻസിയെക്കുറിച്ച് അറിയാവുന്നതു കൊണ്ട് അത്ഭുതം തോന്നിയില്ല. നാട്ടിലെ ഇരുന്നൂറു രൂപയിൽ താഴെ മാത്രമേ ഇതിനു വിലയുള്ളൂ. അയാൾ കൊണ്ട് വന്ന വണ്ടിയിൽ ഞങ്ങൾ യാത്ര തുടങ്ങി. പൊടി മണ്ണ് നിറഞ്ഞ പഴകിയ റോഡിലൂടെ വണ്ടി പാഞ്ഞു, കമ്പാല ലക്ഷ്യമാക്കി...

                                                                                                                              (തുടരും...)

Comments

Popular posts from this blog

മഞ്ഞുമൂടിയ ഒരു നിശ്ശബ്ദ സായന്തനം - കുടജാദ്രി അനുഭവം

സ്നേഹത്തിന്റെ മുനമ്പുകൾ തേടി