ആഹിർ ഭൈരവ് (കഥ)
മരുന്നുകളുടെ കൂടിക്കുഴഞ്ഞുള്ള ഗന്ധവും ആ ചെറിയ മുറിക്കകത്തെ എസിയുടെ തണുപ്പും വീർപ്പുമുട്ടിക്കാൻ തുടങ്ങിയപ്പോൾ അയാൾ ടൈപ്പ് ചെയ്യുന്നത് നിർത്തി , ലാപ്ടോപ്പ് അടച്ചുവച്ചു . ശക്തിയായി ഒരുവട്ടം ശ്വാസോച്ച്വസ്സം ചെയ്ത് മരുന്നിന്റെ കയ്പ്പിനെ ശ്വാസനാളത്തിൽ നിന്നും പുറത്തുകളയാൻ വൃഥാ ശ്രമിച്ചു . മെലിഞ്ഞു തളർന്ന് നനഞ്ഞ ഒരു ചുള്ളിക്കമ്പു പോലെ ബെഡിൽ കിടക്കുന്ന തന്റെ കയ്യ് കഷ്ടപ്പെട്ടുയർത്തി നഴ്സിനെ വിളിക്കാനുള്ള ബെല്ലമർത്തി . ധൃതിയിൽ ബെഡ്‌ഡിനടുത്തേക്ക് വന്ന അവരോടു അയാൾ ശബ്ദമുയർത്തി ഏസി കുറക്കാൻ പറഞ്ഞെങ്കിലും , പൊട്ടിയ ഒരു മുളംതണ്ടിൽ നിന്നുമെന്ന പോലെ ചിലമ്പിയ ഒരു വായു ശബ്ദം മാത്രമേ പുറത്തേക്കു വന്നുള്ളൂ . സ്വയം ചത്തൊടുങ്ങിയ കോശങ്ങൾ അയാളുടെ തൊണ്ടയിൽ സൃഷ്ടിച്ച ദ്വാരങ്ങളിലൂടെ ആ ശബ്ദം ശിഥിലമായിപ്പോയി ! അയാൾ കേട്ടുകൊണ്ടിരുന്ന ഹിന്ദുസ്ഥാനി കൃതി അടഞ്ഞ ലാപ്ടോപ്പിനിടയിൽ പെട്ട് ഞെരുങ്ങി ഇല്ലാതെയായി . മുറിയിലെ തണുപ്പ് കുറച്ചു വച്ചതിനു ശേഷം നേഴ്സ് അടുത്ത് വന്ന് കാതിൽ പതിയെ ചോദിച്ചു " വേദന കൂടുതൽ ഉണ്ടോ ? ". അ...