സ്നേഹത്തിന്റെ മുനമ്പുകൾ തേടി
ആറുമണിയായിട്ടും വെളിച്ചം വീണു തുടങ്ങിയിട്ടില്ല. രാത്രിയുടെ നിഴൽ യുദ്ധങ്ങൾ ഇനിയും അവസാനിക്കുന്നതേയുള്ളൂ. പതിവ് പോലെ മീറ്റർ ഗേജ് വണ്ടിയുടെ ഹോൺ കേട്ടു. ട്രാക്കിലൂടെ നടന്നു പോകുന്ന പണിക്കാരെ വകഞ്ഞു മാറ്റി ആ വണ്ടി പതുക്കെ നീങ്ങുന്നുണ്ടാകും.. നഗരത്തിലെ ദുർഗന്ധം വമിക്കുന്ന ഇടുങ്ങിയ വഴികളിൽ നിന്നും പുറത്തു ചാടി, ചോള പാടങ്ങൾക്കിടയിലൂടെ, കരിമ്പ് തോട്ടങ്ങൾക്കിടയിലൂടെ അത് ഉഗാണ്ടയിലെ നാട്ടിൻപുറങ്ങളിലേക്കു പാഞ്ഞു പോകും.. ഒരു തുണ്ടു നറു നിലാവും ഒരു തുടം ഇളം കാറ്റും ഹൃദയത്തിലേറ്റി ആ വണ്ടി ഗ്രാമങ്ങൾ കടന്നു തിരിച്ചെത്തും... നാട്ടിലെ പഴയകാല തീവണ്ടി യാത്രകളിലേക്കു മനസ്സ് കൂകി പാഞ്ഞു പോയി... പുലർച്ച വണ്ടികൾ ... ആരുടെയോ കാത്തിരിപ്പിന്റെ ഉറക്കച്ചടവ് കണ്ണുകളിൽ ... ആളില്ലാ സ്റ്റേഷനുകൾ .. വിരസമായ ലെവൽ ക്രോസ്സുകൾ ... വിഹ്വലമായ ഭാവിയിലേക്ക് നോക്കിയിരിക്കുന്ന പീള കെട്ടിയ കണ്ണുകൾ. .. കയ്യും തലയും ജനലഴികഴിൽ ചായ്ച്ചു വച്ച് ഉറക്കത്തിലേക്ക് വഴുതി വീഴുന്നവർ ... സ്റ്റേഷൻ വിട്ടു പോകുന്ന വണ്ടികൾ ... അവസാനത്തെ ബോഗിയും കടന്നു പോയി കഴിഞ്ഞാൽ നിറയുന്ന വേർപാടിന്റെ ശൂന്യത .. കുട്ടി...